തിരുവനന്തപുരം- പ്രളയത്തിൽ വീടുകൾ പൂർണമായും തകർന്നവർക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ വീടുകൾ നിർമിച്ച് നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. സഹകരണ വകുപ്പിന്റെ പൊതുനൻമ ഫണ്ട് ഉപയോഗിച്ചും ഓഡിറ്റ് ചെയ്ത കഴിഞ്ഞ വർഷത്തെ സഹകാരികൾക്കുള്ള ലാഭവിഹിതം ഉപയോഗിച്ചുമാണ് 4500 ഓളം വീടുകൾ നിർമിക്കുക. ഇതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. റവന്യൂ വകുപ്പ് ഗുണഭോക്താക്കളുടെ ലിസ്റ്റ് കൈമാറിയാൽ ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഈ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സഹകരണ സംഘങ്ങൾ നേരിട്ട് തന്നെയാണ് വീടുകൾ നിർമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാറിൽ നിർമാണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം നിയമ നിർമ്മാണം നടത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളേ സാധ്യമാകൂ.
പ്രളയം ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. 100 കോടിയുടെ നഷ്ടം അടിസ്ഥാന സൗകര്യ മേഖലയിൽ മാത്രം ഉണ്ടായിട്ടുണ്ട്. ടൂറിസം മേഖലയിലെ മൊത്തത്തിലുള്ള നഷ്ടം കണക്കാക്കിയാൽ ഇതിലും വലുതാണ്. പ്രളയത്തിൽ കേടുപാടുകൾ ഉണ്ടായ ഹോട്ടലുകളുടെയും ഹോംസ്റ്റേകളുടെയും പരിശോധന നടത്തിയിട്ടുണ്ട്. രണ്ട് ശതമാനത്തോളമാണ് കാര്യമായ കേടുപാടുകൾ സംഭവിച്ചത്. ഇതുകൂടി മുന്നിൽ കണ്ട് സംസ്ഥാനത്ത് എത്തുന്ന സഞ്ചാരികളുടെ സുരക്ഷ കൃത്യമായും സർക്കാർ ഉറപ്പാക്കും.
പ്രളയത്തിൽ പമ്പയിൽ കാര്യമായ കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്. ഇതുകൂടി പരിഗണിച്ച് പമ്പയിൽ ഇനി മുതൽ താൽക്കാലിക നിർമാണ പ്രവർത്തനങ്ങൾ മാത്രം നടത്തിയാൽ മതിയെന്നാണ് വിലയിരുത്തൽ. ഹിൽ ടോപ് മുതൽ ഗണപതി കോവിൽ ഭാഗത്തേയ്ക്ക് എത്തുന്ന വിധത്തിൽ പമ്പയിൽ പുതിയ പാലം നിർമ്മിക്കുന്ന കാര്യം പരിഗണനയിലുണ്ട്. നിലയ്ക്കലിൽ ബേസ് ക്യാമ്പ് ആരംഭിക്കുന്ന കാര്യം തീരുമാനിച്ചിട്ടുണ്ട്. പീക് സമയത്തും രണ്ട് ലക്ഷം പേരെ ഉൾക്കൊള്ളാൻ സാധിക്കത്തക്ക വിധത്തിൽ ബേസ് ക്യാമ്പ് വികസിപ്പിക്കും. അവിടെ നിന്നും പമ്പയിലേയ്ക്ക് ബസിൽ തീർഥാടകരെ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. 24 ന് മുഖ്യമന്ത്രി കൂടി പങ്കെടുത്ത് അവലോകന യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ തീർഥാടകരെ നിയന്ത്രിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. പമ്പ നിലയ്ക്കൽ ബസ് സർവ്വീസ് ചാർജ് കുറയ്ക്കണമെന്ന വാദത്തിൽ കഴമ്പില്ല. ഇപ്പോഴത്തെ കണക്കിലും കെ.എസ്.ആർ.ടി.സിക്ക് നഷ്ടമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവ് വേണമെന്ന ആവശ്യം കെ.എസ്.ആർ.ടി.സിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. കേരളത്തെ പുനർനിർമിക്കാൻ പണം ലഭിക്കുന്നതിന് കേന്ദ്ര മാനദണ്ഡങ്ങൾ തടസ്സമാകുന്നുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് തിരുത്തണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.