തൃശൂർ- യുവതിയോട് തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റലിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൻമേൽ തൃശൂരിലെ ഡി.വൈ.എഫ്.ഐ നേതാവ് ആർ.എൽ. ജീവൻലാലിനെതിരെ തെളിവുകൾ. സംഭവ ദിവസം ജീവൻലാൽ എം.എൽ.എ ഹോസ്റ്റലിൽ താമസിച്ചിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട എം.എൽ.എയുടെ മുറിയിലാണ് ജീവൻലാൽ താമസിച്ചിരുന്നത്.
ഇരിങ്ങാലക്കുട സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാവുമായിരുന്നു ജീവൻലാൽ മെഡിക്കൽ പ്രവേശനത്തിന് സഹായിക്കാമെന്ന് പറഞ്ഞ് കൂടെ കൊണ്ടുപോയ യുവതിയോട് സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്നാണ് പരാതി. തുടർന്ന് ജീവൻലാലിനെ പാർട്ടിയിൽ നിന്നും ഒരു വർഷത്തേക്ക് സസ്‌പെന്റു ചെയ്തിരുന്നു. കാട്ടൂർ പോലീസ് കേസെടുത്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നുവെങ്കിലും സംഭവം നടന്നത് തിരുവനന്തപുരത്തായതിനാൽ കേസ് അങ്ങോട്ട് മാറ്റുകയായിരുന്നു.
എം.എൽ.എ ഹോസ്റ്റലിലെ സന്ദർശകരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന സന്ദർശക രജിസ്റ്റർ പോലീസ് പരിശോധിച്ചു. ഇതിൽനിന്നാണ് യുവതി പരാതിയിൽ പറയുന്ന ദിവസം ജീവൻലാൽ ഹോസ്റ്റലിൽ എത്തിയതായി കണ്ടെത്തിയത്.
മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് പ്രവേശനം ലഭിക്കാൻ എത്തിയ യുവതി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തെ എം.എൽ.എ ഹോസ്റ്റലിൽ തങ്ങിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജീവൻലാലും അവിടെ ഉണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ചുവരാനായി ബാഗ് എടുക്കാൻ ചെന്നപ്പോൾ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ജൂലൈ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടിലെത്തി അമ്മയോട് പീഡന വിവരം അറിയിച്ചു. തുടർന്ന് പരാതി കൊടുക്കാൻ യുവതി തീരുമാനിച്ചപ്പോൾ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയെയും സി.പി.എം ഏരിയ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും പുറത്തറിയുന്നത് പാർട്ടിക്ക് ദോഷകരമാണെന്നും ഡി.വൈ.എഫ്.ഐ കാട്ടൂർ മേഖല സെക്രട്ടറി പറഞ്ഞു. ഈ സാഹചര്യത്തിൽ തുടർ നടപടികളിലേക്ക് കടക്കാതിരിക്കുകയായിരുന്നു. എന്നാൽ തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് നിയമപരമായി നീങ്ങുന്നതെന്നാണ് സി.ഐക്ക് നൽകിയ പരാതിയിൽ യുവതി വിശദീകരിക്കുന്നത്.
യുവതിയുടെ പോലീസിൽ നൽകിയ പരാതി പുറത്ത് വന്നതിന് പിന്നാലെ ജീവൻലാലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സി.പി.എം സസ്‌പെൻഡ് ചെയ്തിരുന്നു.