ടോക്കിയോ- ജപ്പാനിലെ ഡിജിറ്റല്‍ കറന്‍സി എക്‌സ്‌ചേഞ്ചില്‍നിന്ന് 60 ദശലക്ഷം ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സികള്‍ മോഷണം പോയി. വിര്‍ച്വല്‍ കറന്‍സികള്‍ സൂക്ഷിക്കുന്ന തങ്ങളുടെ സെയിഫ് എക്‌സ്‌ചേഞ്ചിലെ ഹോട്ട് വാലറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ഡിജിറ്റല്‍ എക്‌സ്‌ചേഞ്ചായ ടെക് ബ്യൂറോ കോര്‍പറേഷന്‍ അറിയിച്ചത്. ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തെത്തിയതോടെ എക്‌സ്‌ചേഞ്ച് അടച്ചിരിക്കയാണ്. വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ടെക് ബ്യൂറോ അറിയിച്ചു. വിര്‍ച്വല്‍ നാണയത്തിന്റെ പ്രചാരം കൂടുകയും കറന്‍സിയുടെ മൂല്യം വര്‍ധിക്കുകയും ചെയ്തതോടെ ഉപഭോക്താക്കളുടെ സംരക്ഷണത്തിനായി ജപ്പാന്‍ എക്‌സ്‌ചേഞ്ചുകള്‍ ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ബിറ്റ്‌കോയിന്‍ നിയമ സാധുതയുള്ള വിനിമയ കറന്‍സിയായി 2017 ഏപ്രിലില്‍ ജപ്പാന്‍ അംഗീകരിച്ചിരുന്നു. പ്രാധന റീട്ടെയില്‍ ഷോപ്പുകളില്‍ ബിറ്റ്‌കോയിന്‍ പേയ്‌മെന്റ് സ്വീകരിക്കുകയും ചെയ്തു. ടെക്‌നോളജി വികസിച്ചുവെങ്കിലും ക്രിപ്‌റ്റോ കറന്‍സി കൊള്ള ആവര്‍ത്തിക്കുകയാണ്. ഈ വര്‍ഷാദ്യം ടോക്കിയോ ആസ്ഥാനമായുള്ള എക്‌സ്‌ചേഞ്ചായ കോയിന്‍ ചെക്കില്‍നിന്ന് 547 ദശലക്ഷം ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സികള്‍ നഷ്ടമായിരുന്നു.