ന്യുദല്‍ഹി- മുന്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദലിപ് കപൂറിന്റെ ഭാര്യയേയും മകളേയും വീട്ടു ജോലിക്കാരനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിച്ച് ബന്ധികളാക്കി വീട് കൊള്ളയടിച്ചു. വീട്ടു ജോലിക്കാരനായ സന്ദീപിനെതിരെ പോലീസ് കേസെടുത്തു. പണവും ആഭരണങ്ങളും ഇയാള്‍ കവര്‍ന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജഡ്ജിയുടെ കുടുംബം പുതുതായി ജോലിക്കെടുത്തയാളാണ് സന്ദീപ്. ദല്‍ഹി ന്യൂഫ്രണ്ട്‌സ് കോളനിയിലെ ജഡ്ജിയുടെ വീട്ടിലേക്ക് തന്റെ കൂട്ടാളികളെ വിളിച്ചു വരുത്തിയാണ് ഇയാള്‍ അതിക്രമം നടത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജഡ്ജിയുടെ ഭാര്യ 78കാരിയായ റീബ കപൂര്‍, മകള്‍ ഷീബ (45) എന്നിവരെ സംഘം മര്‍ദിക്കുകയും കയര്‍ ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്താണ് കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള പണവും സ്വര്‍ണവും ഇവര്‍ കവര്‍ന്നിട്ടുണ്ട്. പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.