ഡെറാഡൂണ്‍- പശുവിനെ രാഷ്ട്ര മാതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ബി.ജെ.പി സര്‍ക്കാര്‍ പ്രമേയം പാസാക്കി. ഇത് ഇനി കേന്ദ്ര സര്‍ക്കാരിന് അയക്കും. പ്രതിപക്ഷവും പിന്തുണച്ച പ്രമേയം ഐകകണ്‌ഠ്യേനയാണ് സഭ പാസാക്കിയത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയ ചര്‍ച്ചയില്‍ മന്ത്രി വിചിത്ര വാദങ്ങളാണ് ഉന്നയിച്ചത്. ഓക്‌സിജന്‍ ശ്വസിക്കുന്നതിനു പുറമെ പുറത്തേക്കു വിടുകയും ചെയ്യുന്ന ഒരേ ഒരു മൃഗമാണ് പശുവെന്ന് മന്ത്രി ആര്യ പറഞ്ഞു. ഗോമൂത്രത്തിന്റെ വൈദ്യമൂല്യത്തെ കുറിച്ചും മന്ത്രി പ്രസംഗിച്ചു. മാതൃത്വത്തിന്റെ അവതാരമാണ് പശുവെന്നും അവര്‍ പറഞ്ഞു. പശുവിന് രാഷ്ട്ര മാതാവിന്റെ പദവി നല്‍കിയാല്‍ രാജ്യത്ത് ഗോ സംരക്ഷണത്തിന് അത് പിന്‍ബലമേകുമെന്നും അവര്‍ പറഞ്ഞു.
പശു ഓക്‌സിജന്‍ പുറം തള്ളുന്ന ഒരേ ഒരു മൃഗമാണോ?
സസ്യങ്ങള്‍ക്കും പ്രകാശസംശ്ലേഷണം നടത്തുന്ന പായലുകള്‍ക്കും പുറമെ ഓക്‌സിജന്‍ പുറത്തു വിടുന്ന ഒരു ജീവിയുമില്ല എന്നതാണ് ശാസ്ത്രീയ സത്യം. ഓക്‌സിജന്‍ ശ്വസിച്ചു കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തുള്ളകയാണ് മൃഗങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ചില മൃഗങ്ങള്‍ പുറന്തള്ളുന്ന വായുവില്‍ ഓക്‌സിജന്‍ അടങ്ങിയിട്ടുണ്ട്. ഇതിനു കാരണം ശ്വസിക്കുന്ന ഓക്‌സിജന്‍ പൂര്‍ണമായും അവയുടെ ശ്വാസ കോശം ആഗികരണം ചെയ്യാത്തതാണ്. ഇങ്ങനെ ആഗിരണം ചെയ്യപ്പെടാത്ത ഓക്‌സിജന്‍ പുറന്തള്ളുന്ന വായുവിനൊപ്പം വരുന്നു. പശുക്കളിലും ഇതു കാണപ്പെടുന്നു. ഇതാണ് പശു ഓക്‌സിജന്‍ പുറന്തള്ളുന്ന മൃഗമാണെന്ന വാദത്തിന്റെ അടിസ്ഥാനം. ഈ ഓക്‌സിജന്‍ യഥാര്‍ത്ഥത്തില്‍ മൃഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവയല്ല. മറിച്ചു ശ്വസിച്ച ശേഷം ഉപയോഗിക്കാതെ പുറന്തള്ളുന്നവയാണ്.