പട്‌ന- ബിഹാറിലെ പുര്‍ണിയയില്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട കുട്ടികളെ പാര്‍പ്പിക്കുന്ന ജുവനൈല്‍ ഹോമില്‍ തടവുകാരായ അഞ്ചു കൗമാരക്കാര്‍ വാര്‍ഡനേയും സഹതടവുകാരനേയും വെടിവച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ടു. ലഹരിക്കായി കഫ് സിറപ്പ് ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം. കൊല്ലപ്പെട്ട വാര്‍ഡന്‍ ബിജേന്ദ്ര കുമാര്‍ ഇവരില്‍ നിന്നും കഫ് സിറപ്പ് പിടികൂടിയിരുന്നു. ലഹരിക്കായി രഹസ്യമായി കുട്ടികള്‍ കഫ് സിറപ്പ് ഉപയോഗിച്ചു വരികയായിരുന്നു. ഇതു പിടികൂടിയതാണ് കൊലപാതകത്തിനു പിന്നില്‍. കഫ് സിറപ്പ് ഒളിപ്പിച്ചു വച്ച വിവരം വാര്‍ഡനെ അറിയിച്ച സഹതടവുകാരനായ മറ്റൊരു കൗമാരക്കാരനേയും ഇവര്‍ വെടിവച്ചു കൊലപ്പെടുത്തി. രക്ഷപ്പെട്ട അഞ്ചു പേരില്‍ ഒരാള്‍ ബിഹാറില്‍ ഭരണകക്ഷിയായ ജെ.ഡി.യു നേതാവിന്റെ മകനാണ്. കൂട്ടത്തിലുള്ള മറ്റൊരാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു.
ലഹരി ഉപയോഗം പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ അഞ്ചു പേരെ മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വാര്‍ഡന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിച്ചിരുന്നു. ബുധനാഴ്ച ബോര്‍ഡ് ഇതിനു അനുമതി നല്‍കുകയും ചെയ്തു. ഇതറിഞ്ഞതോടെ അഞ്ചു കുട്ടികള്‍ ചേര്‍ന്ന് ബിജേന്ദ്ര കുമാറിനെയും സഹതടവുകാരനേയും വെടിവച്ചു കൊല്ലുകയായിരുന്നു. ശേഷം സുരക്ഷാ ഗാര്‍ഡിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഗേറ്റ് തുറപ്പിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. എവിടെ നിന്നാണ് ഇവര്‍ക്ക് തോക്ക് ലഭിച്ചതെന്ന് വ്യക്തമല്ല. പോലീസ് ഇത് അന്വേഷിക്കുന്നുണ്ട്. രക്ഷപ്പെട്ട അഞ്ചു പേര്‍ക്കായി തെരച്ചില്‍ നടത്താന്‍ പോലീസ് വ്യത്യസ്ത സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.