ജിദ്ദ- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനും ചര്‍ച്ച നടത്തി. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ ഉഭയകക്ഷിബന്ധവും സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരു നേതാക്കളും വിശകലനം ചെയ്തു. രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍, സഹമന്ത്രിയും റോയല്‍ കോര്‍ട്ട് പ്രസിഡന്റുമായ ഖാലിദ് അല്‍ഈസ, വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍, ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അവാദ് അല്‍അവാദ്, പാക്കിസ്ഥാനിലെ സൗദി അംബാസഡര്‍ നവാഫ് അല്‍മാലികി, പാക് വിദേശ മന്ത്രി മഖ്ദൂം ഷാ മഹ്മൂദ്, ധനമന്ത്രി അസദ് ഉമര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫുവാദ് അഹ്മദ്, ഇന്റലിജന്‍സ് മേധാവി ജനറല്‍ നുവൈദ് മുഖ്താര്‍, സൗദിയിലെ പാക് അംബാസഡര്‍ ഖാന്‍ ഹാശിം ബിന്‍ സിദ്ദീഖ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. സല്‍മാന്‍ രാജാവ് ഒരുക്കിയ ഉച്ചവിരുന്നിലും ഇംറാന്‍ ഖാനും സംഘവും പങ്കെടുത്തു.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ഉസൈമിന്‍, ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് എന്നിവരുമായും ഇംറാന്‍ ഖാന്‍ പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. കിരീടാവകാശിയും പാക് പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലുശൈഖ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി, ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അവാദ് അല്‍അവാദ്, ജനറല്‍ ഇന്റലിജന്‍സ് ഉപമേധാവി അഹ്മദ് അസീരി തുടങ്ങിയവര്‍ സംബന്ധിച്ചു. മദീന സിയാറത്ത് പൂര്‍ത്തിയാക്കിയാണ് ഇംറാന്‍ ഖാന്‍ ജിദ്ദയിലെത്തിയത്. പാക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം ഇംറാന്‍ ഖാന്‍ നടത്തുന്ന പ്രഥമ വിദേശ സന്ദര്‍ശനമാണിത്. ദ്വിദിന സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ വൈകീട്ട് ഇംറാന്‍ ഖാന്‍ പാക്കിസ്ഥാനിലേക്ക് മടങ്ങി.