ന്യുദല്‍ഹി- ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ദേശീയതകൊണ്ടും സ്വത്വം കൊണ്ടും ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. എല്ലാവരും ഹിന്ദുക്കളാണെന്നും എന്നാല്‍ അവര്‍ക്കത് പറയാന്‍ മടിയാണമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ ആര്‍.എസ്.എസിന്റെ നിലപാടുകള്‍ വിശദീകരിക്കാന്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ പൊതുപരിപാടിയുടെ സമാപന ദിവസം പ്രസംഗക്കിവെയാണ് ഭാഗവതിന്റെ പരാമര്‍ശം. ഗോ സംരക്ഷണം ആള്‍ക്കൂട്ട ആക്രമണമായി തെറ്റിദ്ധരിക്കരുതെന്നും ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പഴികേള്‍ക്കുന്ന ആര്‍.എസ്.എസിന്റെ മുഖം മിനുക്കാനുള്ള ശ്രമമായാണ് ഈ മൂന്നു ദിവസ പരിപാടി വിലയിരുത്തപ്പെടുന്നത്. എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രമുഖരെ ക്ഷണിച്ചു വരുത്തിയായിരുന്നു പരിപാടി. ഈ പരിപാടിയില്‍ ഓരോ ദിവസവും ആര്‍.എസ്.എസ് നിലപാടുകള്‍ വിശദീകരിച്ച് ഭാഗവതിന്റെ പ്രസംഗങ്ങള്‍ ഉണ്ടായിരുന്നു. ആര്‍.എസ്.എസ് മുഖ്യശത്രുക്കളായ കണക്കാക്കപ്പെടുന്ന മത, രാഷ്ട്രീയ വിഭാഗങ്ങളെ വാനോളം പുകഴ്ത്തിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.
ഹിന്ദുത്വ എന്നാല്‍ മുസ്ലിംകളും കൂടി ഉള്‍പ്പെട്ടതാണെന്ന് ഇന്നലെ ഭാഗവത് പറഞ്ഞിരുന്നു. ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പത്തില്‍ മുസ്ലിംകള്‍ക്ക് ഇടമില്ല എന്ന അര്‍ത്ഥമില്ല. മുസ്ലിംകളെ അംഗീകരിക്കുന്നില്ലെങ്കില്‍ അത് ഹിന്ദുത്വയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദത്തെ ആര്‍.എസ്.എസ് മുസ്ലിംകള്‍ക്കെതിരെ നടത്തിയ നീക്കങ്ങള്‍ ഉയര്‍ത്തി കാട്ടി സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
പരിപാടിയുടെ ആദ്യ ദിവസം ഭാഗവത് കോണ്‍ഗ്രസിനേയും പുകഴ്ത്തിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ വലിയ പങ്കു വഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഇന്ത്യയ്ക്ക് പല ഉന്നത വ്യക്തിത്വങ്ങളേയും സംഭാവന നല്‍കിയ പാര്‍ട്ടിയാണെന്നും ഇവരില്‍ ചിലര്‍ ഇപ്പോഴും തങ്ങളുടെ മാര്‍ഗദര്‍ശികളാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.