നിലമ്പൂർ- കറകളഞ്ഞ സ്‌നേഹത്തിനും കാപട്യമില്ലാത്ത ബന്ധത്തിനും മുന്നിൽ കടുത്ത രോഗത്തെ പോലും അവഗണിച്ച് വിവാഹ ജീവിതത്തിലേക്ക് കടന്ന ഭവ്യയുടെ ചികിത്സക്ക് ധന സമാഹരണത്തിനായി പ്രവാസിയുടെ ഉടമസ്ഥതയിലുള്ള മൂന്നു ബസുകൾ രണ്ട് ദിനങ്ങളിലായി ഓടുന്നു. റിയാദിൽ പ്രവാസിയായ മുണ്ടേരി ടി.വി സലാമിന്റെ മൂന്നു ടി.വി.എസ് ബസുകൾ ഈ മാസം 20, 21 തീയതികളിൽ ഓടുന്നതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ഉപയോഗിക്കുന്നത് ഭവ്യയുടെ ചികിത്സാ ചെലവിലേക്കാണ്.
വർഷങ്ങളായി ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമാണ് മുണ്ടേരി സ്വദേശി ടി.വി.സലാം. രോഗീ പരിചരണം, ഭക്ഷ്യ വസ്ത്ര വിതരണം, ആശുപത്രി, വിദ്യാലയം അടക്കമുള്ള പൊതു സ്ഥാപനങ്ങളിൽ തികച്ചും സൗജന്യമായി സൗകര്യങ്ങൾ ഒരുക്കുക തുടങ്ങി മലയോര പ്രദേശങ്ങളിൽ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിവരുന്നു. നാട്ടിലെ ഏത് പൊതു ആവശ്യങ്ങളിലും ആഘോഷങ്ങളിലും തന്റെ ഒരു വിഹിതം ഉറപ്പ് വരുത്താൻ സലാം ശ്രദ്ധിക്കാറുണ്ട്. ഇദ്ദേഹമുൾപ്പെടുന്ന ജി.സി.സി പ്രവാസി കൂട്ടായ്മ ഇക്കഴിഞ്ഞ പ്രളയ കാലത്ത് വയനാട്ടിലടക്കം കാഴ്ചവെച്ച സേവന പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
പ്രദേശത്തെ മത രാഷ്ട്രീയ സാമൂഹിക സംഘടനകളും, നാട്ടിലുള്ള പ്രവാസികളും, സ്‌കൂൾ കോളേജ് അധ്യാപകരും ഗവൺമെന്റ് ഉദ്യോഗസ്ഥരും സ്വന്തം വാഹനം ഉപയോഗിക്കാതെ ഈ ദിവസങ്ങളിൽ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവുമെന്ന പ്രതീക്ഷയിലാണ് സലാം.