ന്യൂദല്‍ഹി- പ്രകൃതി ദത്ത ഉല്‍പ്പന്നങ്ങള്‍ എന്ന പേരില്‍ ചാണക സോപ്പും ഗോമൂത്ര ഷാംപൂവും അടക്കം ഒരു പിടി ഉല്‍പ്പന്നങ്ങളുമായി ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മഥുരയിലെ ദീന്‍ ദയാല്‍ ധാം ഗൗശാല ഫാര്‍മസി എന്ന സ്ഥാപനം. വില്‍പ്പന ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലായ ആമസോണിലൂടെയാണ്. ചാണകവും ഗോമൂത്രവും അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഒരുപിടി സൗന്ദര്യവര്‍ധനക, മരുന്ന് ഉല്‍പ്പന്നങ്ങളാണ് ഈ സ്ഥാപനം ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി തയാറാക്കിയിരിക്കുന്നത്. ഈ ഗണത്തില്‍ വരുന്ന 30ഓളം ഉല്‍പ്പന്നങ്ങളില്‍ സോപ്പ്, ഫേസ്പായ്ക്ക്, ടൂത്ത് പേസ്റ്റ്, മോഡി, യോഗി കുര്‍ത്ത എന്നിവയും ഉള്‍പ്പെടും. പ്രതിവര്‍ഷം ഈ സ്ഥാപനം മൂന്ന് ലക്ഷം രൂപയുടെ ഇത്തരം ഉല്‍പ്പന്നങ്ങല്‍ വിറ്റഴിക്കുന്നുണ്ടെന്ന് ആര്‍.എസ്.എസ് വക്താവ് അരുണ്‍ കുമാര്‍ പറയുന്നു.
ഈ ഉല്‍പ്പന്നങ്ങല്‍ ആമസോണില്‍ പ്രത്യേക ഓഫര്‍ നല്‍കിയാണ് വില്‍ക്കുന്നതെന്ന് ദീന്‍ ദയാല്‍ ധാം ഡെപ്യൂട്ടി സെക്രട്ടറി മനിഷ് ഗുപ്ത പറയുന്നു. ധാം നിര്‍മ്മിക്കുന്ന സോപ്പുകളും ഷാംപൂകളും സുഗന്ധ വസ്തുക്കളും ചാണകവും ഗോമൂത്രവും അടിസ്ഥാനമാക്കി നിര്‍മ്മിച്ചവയാണെന്നും ഗുപ്ത പറഞ്ഞു. ഇപ്പോള്‍ ചെറിയ രീതിയിലാണ് ഫാര്‍മസിയുടെ ഉല്‍പ്പാദനം. പത്തു ജോലിക്കാരും 90 പശുക്കളുമാണ് ഫാര്‍മസിക്കുള്ളത്. ഇവരെ വച്ചാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസ് ക്യാമ്പുകളും ധാമിലും വച്ചാണ് കാര്യമായ വില്‍പ്പന. ഇവ വേഗത്തില്‍ വിറ്റുപോകുന്നുണ്ട്. ആവശ്യക്കാര്‍ ഇനിയും വര്‍ധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. പത്തു രൂപയ്ക്കും 230 രൂപയ്ക്കുമിടയിലാണ് ഉല്‍പ്പന്നങ്ങളുടെ വില. മോഡി, യോഗി കുര്‍ത്തകള്‍ക്ക് വില 220 രൂപയാണ്. യോഗി കൂര്‍ത്ത കാവി നിറത്തില്‍ മാത്രമെ ലഭിക്കൂ. മോഡി കൂര്‍ത്ത പല നിറത്തിലുമുണ്ട്. സ്വയം തൊഴിലായി അമ്പതോളം സ്ത്രീകളാണ് ഇവ തയ്‌ച്ചെടുക്കുന്നത്. ഇവര്‍ക്ക് പ്രതിഫലമായി ദിവസം 120 രൂപ വീതം നല്‍കുന്നു.