ഇസ്ലാമാബാദ്- അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനന്ത്രി നവാസ് ശരീഫിനേയും മകള്‍ മറിയം നവാസിനേയും ജയില്‍ മോചിതരാക്കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരുടേയും ശിക്ഷ കോടതി സ്റ്റേ ചെയ്തു. ലണ്ടനിലെ ഫ്‌ളാറ്റുകളില്‍ നവാസിന്റെ കുടുംബത്തിനുള്ള ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കോടതി 10 വര്‍ഷം തടവാണ് നവാസിന് ശിക്ഷയായി വിധിച്ചിരുന്നത്. മകള്‍ മറിയത്തിന് ഏഴു വര്‍ഷം തടവും വിധിച്ചിരുന്നു. ഈ ശിക്ഷയാണ് സ്റ്റേ ചെയ്തത്. വെളിപ്പെടുത്താത്ത സമ്പാദ്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അധികാരത്തില്‍ നിന്നു പുറത്താക്കിയ നവാസ് ശരീഫിന് കോടതി തടവു ശിക്ഷ വിധിക്കുമ്പോള്‍ അദ്ദേഹം ലണ്ടനിലായിരുന്നു. ശിക്ഷ ഏറ്റുവാങ്ങാനായി നവാസും മകളും പാക്കിസ്ഥാനില്‍ തിരിച്ചെത്തുകയായിരുന്നു. ലണ്ടനില്‍ ചികിത്സയിലായിരുന്ന നവാസിന്റെ ഭാര്യ കുല്‍സും കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നവാസിനു മകള്‍ക്കും പരോള്‍ ലഭിച്ചിരുന്നു.