കൊച്ചി- തേവര യൂര്‍ദ് പള്ളിക്ക് സമീപം ഡ്യുട്ടിയിലുള്ള ഹോം ഗാര്‍ഡ് കാല്‍നടയായി റോഡരികിലൂടെ നടന്നു പോകുന്ന സ്ത്രീകളുടേയം വിദ്യാര്‍ത്ഥിനികളുടേയും നിതംബത്തില്‍ തൊടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. കൈകള്‍ വീശിയും ഇടക്കിടെ വശങ്ങളിലേക്ക് തിരിഞ്ഞും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ നില്‍ക്കുന്ന ഇയാള്‍ സ്ത്രീകള്‍ അടുത്തുകൂടി കടന്നു പോകുമ്പോഴാണ് മനപ്പൂര്‍വ്വം പിറകില്‍ തൊടുന്നത്. ഈ ദൃശ്യം ഒളിഞ്ഞിരുന്ന് ആരോ മൊബൈലില്‍ പകര്‍ത്തിയതാണ്. സ്പര്‍ശനമേറ്റ ചിലര്‍ തിരിഞ്ഞു നോക്കുന്നുണ്ടെങ്കിലും ഇയാള്‍ ഒന്നുമറിയാത്ത മട്ടില്‍ നില്‍പ്പ് തുടരുന്നു. സംഭവം വൈറലായതോടെ കേരള പോലീസിന്റെ ഫേസ്ബുക്കില്‍ പേജിലും നടപടി ആവശ്യപ്പെട്ട് പരാതി ഉയര്‍ന്നു. ഇദ്ദേഹം ഹോം ഗാര്‍ഡ് ആണെന്ന് സ്ഥിരീകരിച്ച വിവരം ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് അറിയിച്ചത്. ബന്ധപ്പെട്ട സ്റ്റേഷനില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും പോലീസ് ഉറപ്പു നല്‍കുന്നു.