കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി തൃപ്പുണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. പത്തു മണിക്ക് ഹാജരാകാനായിരുന്നു നിര്‍ദേശം. ബിഷപ്പ് എത്തിയത് 11നാണ്. ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് ചോദ്യം ചെയ്യല്‍ മുറിയിലാകും ചോദ്യം ചെയ്യല്‍. അന്വേഷണ സംഘം തലവന്‍ വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷ് തൃപ്പുണിത്തുറയിലെത്തി. നേരത്തെ വൈക്കം ഡി.വൈ.എസ്.പി ഓഫീസിലോ ഏറ്റുമാനൂരിലെ ഹൈടെക് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലോ ആയിരിക്കും ചോദ്യം ചെയ്യലെന്നായിരുന്നു സൂചന. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് തൃപ്പുണിത്തുറയിലേക്ക് മാറ്റുകയായിരുന്നു. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം അറസറ്റ് മതിയെന്നാണ് പോലീസിന്റെ നിലപാട്. എന്നാല്‍ തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ തടസ്സമുണ്ടാകില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
ബിഷപ്പിന്റേയും കന്യാസ്ത്രീയുടേയും സാക്ഷികളുടേയും മൊഴികള്‍ വിലയിരുത്തിയ ശേഷമെ അറസ്റ്റില്‍ തീരുമാനമുണ്ടാകൂ. മൊഴികളിലെ വൈരുധ്യങ്ങള്‍ കണ്ടെത്തുന്നതിനാണ് ബിഷപിന്റെ മൊഴിയെടുക്കുന്നത്. തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് ബുധനാഴ്ച തന്നെ ഉണ്ടാകും. എന്നാല്‍ ചോദ്യം ചെയ്യലിനു ശേഷം മാത്രമെ അന്തിരമ തീരുമാനം എടുക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.