ന്യൂദല്‍ഹി- നവ്‌ജോത് സിംഗ് സിദ്ദു പാക്കിസ്ഥാന്‍ സൈനിക മേധാവിയെ ആലിംഗനം ചെയ്തത് ഇന്ത്യന്‍ സൈനികരുടേയും ജനങ്ങളുടേയും മനോവീര്യം തകര്‍ത്തുവെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പഞ്ചാബ് മന്ത്രിയായ സിദ്ദു അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പറേഷന്‍ (ഐഡബ്ല്യുപിസി) സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ അവര്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു പോയപ്പോഴാണ് മുന്‍ ക്രിക്കറ്റ് താരവും ഇംറാന്‍ ഖാന്റെ സുഹൃത്തുമായ സിദ്ദു പാക്കിസ്ഥാന്‍ കരസേനാധിപന്‍ ഖമര്‍ ജാവേദ് ബജ്് വയെ ആലിംഗനം ചെയ്തത്.
പഞ്ചാബില്‍നിന്നുളള സിഖ് തീര്‍ഥാടകര്‍ക്കായി കര്‍താര്‍പുര്‍ അതിര്‍ത്തി തുറക്കുമെന്ന് ബജ്് വ പറഞ്ഞപ്പോഴാണ് അദ്ദേഹത്തെ ആലിംഗനം ചെയ്തതെന്നാണ് സിദ്ദു വിശദീകരിച്ചിരുന്നത്. എന്നാല്‍ ബി.ജെ.പിയും സംഘ് പരിവാര്‍ സംഘടനകളും ഇതിനെ രാജ്യത്ത് വന്‍ വിവാദമാക്കി.