ന്യുദല്‍ഹി- രാജസ്ഥാനിലെ രാജസമന്ദില്‍ മതവിദ്വേഷത്തിന്റെ പേരില്‍ മുസ്ലിം മധ്യവയസ്‌ക്കനെ ക്രൂരമായി വെട്ടിക്കൊന്ന് തീയിച്ചു കത്തിച്ച കേസിലെ പ്രതി ശംഭുലാല്‍ റെഗാര്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യുപിയിലെ കടലാസ് രാഷ്ട്രീയപ്പാര്‍ട്ടിയായ ഉത്തര്‍ പ്രദേശ് നവനിര്‍മാണ്‍ സേന എന്ന ഹിന്ദുത്വ പാര്‍ട്ടി ആഗ്രയിലാണ് ശംഭുലാലിനെ മത്സരിപ്പിക്കുന്നത്. ശംഭുലാല്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് ഈ പാര്‍ട്ടി നേതാക്കള്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ ശംഭുലാല്‍ ഇപ്പോള്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലാണ്. ജയിലില്‍ നിന്നായിരിക്കും ശംഭുലാല്‍ മത്സരിക്കുകയെന്ന് ഉത്തര്‍ പ്രദേശ് നവനിര്‍മാണ്‍ സേന ദേശീയ പ്രസിഡന്റ് അമിത് ജാനി പറഞ്ഞതായി ന്യൂസ് 18 റിപോര്‍ട്ട് ചെയ്യുന്നു. പട്ടിക ജാതി സംവരണ സീറ്റായ ആഗ്രയിലെ നിലവിലെ എം.പി ബി.ജെ.പിയുടെ രാംശങ്കര്‍ കഥേരിയ ആണ്. ദേശീയ പട്ടികജാതി കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയാണ് കഥേരിയ.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജസമന്ദില്‍ ബംഗാള്‍ സ്വദേശിയായ കുടിയേറ്റ തൊഴിലാളി മുഹമ്മഹ് അഫ്രാസുലിനെ ശംഭുലാല്‍ ക്രുരമായി കൊലപ്പെടുത്തിയത്. മൂസ്ലിംകള്‍ക്ക് ഒരു മുന്നറിയിപ്പാണ് ഇതെന്ന രീതിയില്‍ ശംഭുലാല്‍ തന്നെ കൊലപാത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതോടെയാണ് സംഭവം കോളിളക്കമുണ്ടാക്കിയത്. ഇതോടെ അറസ്റ്റിലായ ശംഭുലാലിന് ഹിന്ദുത്വ തീവ്രവാദികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു.
ഹിന്ദുത്വ മുഖങ്ങളെ മാത്രം മത്സരിപ്പിക്കാനാണു ഞങ്ങളുടെ പാര്‍ട്ടി തീരുമാനം. ശംഭുലാലിനെക്കാള്‍ മികച്ച ഹിന്ദുത്വ മുഖം കിട്ടാനുമില്ല. ശംഭുലാലുമായി ഏറെ നാളത്തെ ബന്ധമുണ്ട്. മത്സരിക്കാനുള്ള സമ്മതവും അദ്ദേഹം അറിയിച്ചിട്ടുണ്ട്-അമിത് ജാനി പറഞ്ഞു. ശംഭുലാലിനേക്കാള്‍ വലിയ കേസുകളില്‍ പ്രതികളായ ശഹാബുദ്ദീനെ പോലുള്ളവര്‍ക്ക് മത്സരിക്കാമെങ്കിലും ശംഭുലാലിനു ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ല്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യുണിയന്‍ നേതാവ് കനയ്യ കുമാറിനെ കൊലപ്പെടുത്തുമെന്ന് ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയതിന് പോലീസ് പിടിയിലായ ആളാണ് ജാനി.