ന്യൂദല്‍ഹി- ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ പങ്കെടുക്കില്ലെന്ന് അടല്‍ ബിഹാരി വാജ്‌പേയി മാപ്പെഴുതിക്കൊടുത്ത സംഭവത്തെ കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ ചോദ്യം ഉന്നയിച്ച ചാനല്‍ അവതാരക ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കോപത്തിനിരയായി. രാജ്യസഭാ ടിവി അവാതരക നീലു വ്യാസിനെ ശാസിച്ചതിനു പുറമെ ചാനല്‍ ക്ഷമ ചോദിക്കാനും നിര്‍ബന്ധിതമായി. ഒരു മാസം മുമ്പായിരുന്നു വിവാദ ചര്‍ച്ച. ആര്‍.എസ്.ടി.വി യുട്യൂബ് ചാനലില്‍ ഇപ്പോള്‍ ഈ ചര്‍ച്ച ലഭ്യമല്ല. ചാനല്‍ തലപ്പത്ത് മൂന്നാം സ്ഥാനത്തുള്ള നീലു വ്യാസിനെ താക്തീത് ചെയ്തതായും പരിപാടികളില്‍നിന്ന് മാറ്റി നിര്‍ത്തിയതായും ദ വയര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ക്വിറ്റ് ഇന്ത്യാസമരത്തില്‍ വാജ്‌പേയിയുടെ റോളിനെക്കുറിച്ചായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. വാജ്‌പേയി മരിച്ചതിനു പിന്നാലെ ആഗസ്റ്റ് 16-നാണ് സംഭവം. വാജ്‌പേയിയുടെ മരണവാര്‍ത്ത വന്നതിനു പിന്നാലെ രാജ്യസഭാ ടി.വി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംപ്രേഷണം ചെയ്തിരുന്നു.
2016 ല്‍ വാജ്‌പേയിയുടെ ജീവചരിത്രം എഴുതിയ വിജയ് ത്രിവേദിയോടാണ് 1942 ലെ സംഭവത്തെക്കുറിച്ച് നീലു വ്യാസ് ചോദിച്ചത്.
ഞാന്‍ മുദ്രാവാക്യം വിളിക്കാന്‍ പോകില്ല (ബ്രിട്ടീഷുകാര്‍ക്കെതിരെ) എന്ന വസ്തുതയോട് എങ്ങനെയാണ് നിങ്ങള്‍ക്ക് യോജിക്കാവുക. കാരണം അദ്ദേഹത്തിന്റെ ദേശീയതാല്‍പര്യം ഏറെ പ്രശസ്തമായ നിലയില്‍- ഇതായിരുന്നു ക്വിറ്റ് ഇന്ത്യാ സമരകാലത്തെ വാജ്‌പേയിയുടെ നിലപാടിനെക്കുറിച്ചുള്ള നീലുവ്യാസിന്റെ ചോദ്യം.
യുവാവായിരുന്ന കാലത്ത് വാജ്‌പേയി അറസ്റ്റിലായെന്നും തുടര്‍ന്ന് ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കില്ലെന്ന് എഴുതി നല്‍കിയിരുന്നെന്നും ത്രിവേദി മറുപടി പറഞ്ഞു.
ഈ സംഭവം എപ്പോഴാണ് നടക്കുന്നതെന്ന് ഓര്‍ക്കണം, അടല്‍ജിക്ക് 17 വയസായിരുന്നപ്പോള്‍. ഇതിനെക്കുറിച്ച് ഞാന്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഈ സംഭവം നടന്ന ആഗ്രയ്ക്കു സമീപമുള്ള ഭടേശ്വരില്‍ ഞാനുണ്ടായിരുന്നു. ഒരു ചെറിയ പ്രതിഷേധം നടക്കുകയായിരുന്നു. അതില്‍ അദ്ദേഹവുമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് അദ്ദേഹത്തെ പിടികൂടിയപ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. ചില പ്രധാന വ്യക്തികളുടെ സ്വാധീനത്തിനു വഴങ്ങിയാണ് അദ്ദേഹം അന്ന് ആ മാപ്പപേക്ഷയില്‍ ഒപ്പിട്ടത്- എന്നാണ് ത്രിവേദി പറഞ്ഞത്.
അന്ന് നടന്ന സംഭവങ്ങളെ വാജ്‌പേയി ഒരിക്കലും നിഷേധിച്ചിട്ടില്ല. എന്നാല്‍ അതിനര്‍ത്ഥം ആര്‍ക്കും അദ്ദേഹത്തിന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാമെന്നല്ലെന്നും ത്രിവേദി പറഞ്ഞു.
രാജ്യസഭാ ടി.വി പിന്നീട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും ഉയര്‍ത്തിയിരുന്നില്ല. നാലുദിവസത്തിനുശേഷം ഹിന്ദി വെബ്‌സൈറ്റില്‍ വന്ന ഒരു വാര്‍ത്തയാണ് വിഷയം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവരുന്നത്. രാജ്യസഭാ ടി.വിയുടെ ഈ ചോദ്യം ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വത്തെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇതിനു പിന്നാലെ രാജ്യസഭാ സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറിയും വെങ്കയ്യ നായിഡുവിന്റെ അടുത്തയാളുമായ എ.എ റാവു നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തുവരികയായിരുന്നു.
സംഭവത്തില്‍ ചാനല്‍ ഖേദം പ്രകടിപ്പിക്കണമെന്നാവശ്യപ്പെട്ട് വെങ്കയ്യ നായിഡു ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ ഓഗസ്റ്റ് 22ന് ഖേദം ചാനല്‍ സംപ്രേഷണം ചെയ്തു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ചുള്ള ചര്‍ച്ചക്കിടെ രാജ്യസഭാ ടി.വിയിലെ മുതിര്‍ന്ന അവതാരക വാജ്‌പേയിയെക്കുറിച്ച് സന്ദര്‍ഭത്തിന് യോജിക്കാത്ത, വസ്തുതാവിരുദ്ധമായ ചില പരാമര്‍ശങ്ങള്‍ നടത്തി. രാജ്യസഭാ ടി.വി അതില്‍ പശ്ചാത്തപിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നായിരുന്നു ചാനല്‍ സംപ്രേഷണം ചെയ്ത ഖേദപ്രകടനം.
നീലു വ്യാസിനെതിരായ നടപടിയിലേക്ക് നയിച്ചത് അഡീഷണല്‍ സെക്രട്ടറി എ.എ. റാവുവിന്റെ സമ്മര്‍ദമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റാവു മാനസികമായി പീഡിപ്പിക്കുന്നുവെന്നും ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാണിച്ച് നീലു വ്യാസ് ഓഗസ്റ്റ് എട്ടിനു പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നതായി രാജ്യസഭാ സെക്രട്ടറിയേറ്റ് സെക്രട്ടറി പി.പി.കെ രാമചാര്യലു സമ്മതിച്ചെങ്കിലും പരാതി രാജ്യസഭയുടെ ആഭ്യന്തര പരാതി സമിതിക്ക് കൈമാറിയോ എന്ന കാര്യം സ്ഥിരീകരിച്ചില്ലെന്നും ദ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.