കോഴിക്കോട് - അർജുന പുരസ്കാരം കുടൂംബത്തിന് സമർപ്പിക്കുകയാണെന്ന് ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ജിൻസൻ ജോൺസൺ. സാധാരണ ഒരു കായിക ഇനത്തിൽ ഒരാൾക്ക് മാത്രമാണ് അർജുന നൽകാറ്. മാധ്യമങ്ങളിൽ നിന്നാണ് പുരസ്കാര വിവരം അറിഞ്ഞത്. അർജുന ലഭിക്കുമെന്ന് അറിയാമെങ്കിലും ഇത്തവണ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇത് ഏറെ സന്തോഷവും ആത്മവിശ്വാസവും തരുന്നു.
രാജ്യത്തിന് വേണ്ടി ഏറെ നേട്ടങ്ങൾ കൊയ്യാനുള്ള ചുമതലാബോധമാണ് ഇത് നൽകുന്നത്. എനിക്കുവേണ്ടി എറെ സഹിച്ച രക്ഷിതാക്കളുടെ സ്നേഹത്തിനു മുന്നിൽ ഈ പുരസ്കാരം സമർപ്പിക്കുന്നു. 27 വയസ്സായി. വീട്ടിലെ ഒരു കാര്യവും എനിക്ക് ശ്രദ്ധിക്കേണ്ടിവരാറില്ല. ഒപ്പം പുരസ്കാരം എന്റെ പരിശീലകർക്കും സമർപ്പിക്കുകയാണ് - കോഴിക്കോട്ട് വാർത്താലേഖകരോട് ജിൻസൻ പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ നിന്ന് തിരിച്ചുവന്ന ശേഷം രണ്ടു ദിവസം മാത്രമാണ് വീട്ടിൽ തങ്ങാനായത്. നാളെ സർവീസസ് മീറ്റിന് വേണ്ടി ബംഗളൂരുവിലേക്ക് പുറപ്പെടുകയാണ്. 1500 മീറ്ററിലാണ് അവിടെ മത്സരിക്കുന്നത്. അടുത്ത വർഷത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ലോക ചാമ്പ്യൻഷിപ്പുകൾ, പിന്നീട് ഒളിമ്പിക്സ് എന്നിവയിലാണ് കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ജിൻസൻ പറഞ്ഞു. നാട്ടിൽ സ്വീകരണങ്ങളുടെ തിരക്കിലാണ് ജിൻസൻ.
'സുഹൃത്തുക്കളും ബന്ധുക്കളും ഏറെ പ്രോത്സാഹനം തരുന്നു. ഇപ്പോൾ ആർമിയിൽ സ്പോർട്സ് അക്കാദമിയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായാണ് പ്രവർത്തിക്കുന്നത്. കാലിലെ പരിക്കിന് ചികിത്സിക്കാൻ അടുത്ത മാസം ചെന്നൈയിലേക്ക് പോകണം. വീടിന്റെ പണി നടക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്' -ജിൻസൻ പറഞ്ഞു.