Sorry, you need to enable JavaScript to visit this website.

പ്രവാസി വരുമാനമാണ് കേരളത്തിന്റെ നട്ടെല്ലെന്ന് സ്പീക്കർ 

മലപ്പുറം- പ്രവാസി വരുമാനമാണ് കേരളത്തിന്റെ നട്ടെല്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കേരള പ്രവാസി വെൽഫയർ ബോർഡ് മലപ്പുറം ലെയ്സൺ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ കണ്ണീരും വേദനയുമാണ് സംസ്ഥാനത്തിന്റെ വളർച്ചക്ക് സഹായകമായത്. അവർ നൽകിയ സംഭാവനകളോടു നീതി പുലർത്താൻ കഴിഞ്ഞിരുന്നില്ല. പ്രവാസികളെ സഹായിക്കുന്നതിനു വേണ്ടി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. വീടില്ലാത്തവർക്ക് വീട്, തിരിച്ചുവരുന്നവരുടെ പുനരധിവാസം, അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളിയാക്കുന്നതിനു കമ്പനി രൂപീകരണം തുടങ്ങി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. നോർക്കയും പ്രവാസി ക്ഷേമ ബോർഡും ചേർന്നു പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തു പെരിന്തൽമണ്ണ റോഡിൽ പി.എച്ച് ടവറിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. പ്രവാസി ക്ഷേമ ബോർഡിൽ നിന്നു  ലഭിക്കുന്ന വിവിധ സേവനങ്ങൾക്കു മലപ്പുറം ലെയ്സൺ ഓഫീസിൽ ബന്ധപ്പെടാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള പ്രവാസി സംഘം നൽകുന്ന ഒരു ലക്ഷം രൂപ പരിപാടിയിൽ സ്പീക്കർ  ഏറ്റുവാങ്ങി. പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, ഡയറക്ടർമാരായ ബാദുഷ കടലുണ്ടി, കെ.സി സജീവ് തൈക്കാട്, ആർ. കൊച്ചുകൃഷ്ണൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം. രാധാകൃഷ്ണൻ, ഫിനാൻസ് മാനേജർ ഗീതാദേവി എന്നിവർ പ്രസംഗിച്ചു.മലപ്പുറത്തു കേരള പ്രവാസി വെൽഫയർ ബോർഡ് ലെയ്സൺ ഓഫീസ് 
ഉദ്ഘാടനം നിർവഹിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രസംഗിക്കുന്നു.

Latest News