മൂന്നാമത്തെ ഏറ്റവും വലിയ ബാങ്ക് വരുന്നു; ലയിക്കുന്നത് മൂന്ന് പൊതുമേഖലാ ബാങ്കുകള്‍

ന്യുദല്‍ഹി- പൊതുമേഖലാ ബാങ്കുകളായ ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്ക് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍. രാജ്യത്തെ ബാങ്കിങ് സംവിധാനം പുനര്‍ക്രമീകരിക്കുന്നതിന്റെ ഭാഗമാണിത്. മൂന്ന് ബാങ്കുകള്‍ ലയിക്കുന്നതോടെ രൂപീകൃതമാകുന്ന പുതിയ ബാങ്കിനും മൂലധന സഹായം നല്‍കുന്നത് സര്‍ക്കാര്‍ തുടരുമെന്നും ധനകാര്യ സേവന വകുപ്പു സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. രാജ്യത്തെ ബാങ്കുകള്‍ 8.99 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം കൊണ്ട് വലഞ്ഞിരിക്കുന്ന സമയത്താണ് പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം. ലയനം സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ മൂന്ന് ബാങ്കുകളുടേയും ബോര്‍ഡിനു സമര്‍പ്പിക്കും. ബോര്‍ഡ് അനുമതി നല്‍കിയാലെ തുടര്‍ നടപടികള്‍ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖലയില്‍ പരിഷ്‌ക്കരണം ആവശ്യമാണെന്നും ബാങ്കുകളുടെ മൂലധന ആവശ്യങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഈ മൂന്ന് ബാങ്കുകളുടേയും ലയനം പൂര്‍ത്തീകരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ലയനം നടക്കുന്നതുവരെ മൂന്ന് ബാങ്കുകളും സ്വതന്ത്രമായി തന്നെ പ്രവര്‍ത്തിക്കും. ബാങ്കുകളുടെ വായ്പാ വിതരണം കുറഞ്ഞിട്ടുണ്ടെന്നും ഇതു കോര്‍പറേറ്റ് മേഖലയെ ദോഷകരമായി ബാധിക്കുന്നതായും ബാങ്ക് ലയനത്തെ കുറിച്ചുള്ള ചോദ്യത്തിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കി. ബാങ്ക് ലയനം സര്‍ക്കാര്‍ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. 

21 ബാങ്കുകളിലെ ഭൂരിപക്ഷ ഓഹരികളും സര്‍ക്കാരിന്റെ പക്കലാണ്. ഇത് രാജ്യത്തെ ബാങ്കിങ് ആസ്തികളുടെ മൂന്നില്‍ രണ്ടിലേറെ വരും. കിട്ടാക്കടം പെരുകിക്കിടക്കുന്നതും പൊതുമേഖലാ ബാങ്കുകളിലാണ്. ഇതും മേഖലയെ ബാധിച്ചിട്ടുണ്ട്. ആഗോള മൂലധന ചട്ടങ്ങള്‍ക്കനുസരിച്ച് അടുത്ത രണ്ടു വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപ ബാങ്കിങ് മൂലധനമായി ചേര്‍ക്കേണ്ടതുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 88,139 കോടി രൂപ പൊതുമേഖലാ ബാങ്കുകളുടെ മൂലധന നിക്ഷേപമായി നല്‍കുമെന്ന് ജനുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
 

Latest News