പനജി- ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഏതാനും മാസങ്ങളായി ചികിത്സയില്‍ തുടരുന്നതിനെ തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധി മുതലെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം. നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്കു കത്തു നല്‍കി. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്ത ബി.ജെ.പി ചെറുകക്ഷികളേയും സ്വതന്ത്രരേയും ചാക്കിട്ടു പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അഭാവം സംസ്ഥാനത്ത് ഭരണത്തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം സഖ്യസര്‍ക്കാര്‍ സുസ്ഥിരമാണെന്നും ഭീഷണിയില്ലെന്നും ബി.ജെ.പി പ്രതികരിച്ചു. 40 അംഗ സഭയില്‍ കോണ്‍ഗ്രസ് 16 അംഗങ്ങളുണ്ട്.
നിയമസഭ പിരിച്ചുവിടുന്നതിനു പകരം കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തു നല്‍കിയതായി പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കര്‍ പറഞ്ഞു. ഒന്നര വര്‍ഷത്തിനിടെ ഇനിയും മറ്റൊരു തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള അവസ്ഥയിലല്ല സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനു സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ മറ്റു പാര്‍ട്ടികളുടെ പിന്തുണ ഉണ്ടെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നാളെ ഗവര്‍ണറെ കണ്ടേക്കുമെന്നും റിപോര്‍ട്ടുണ്ട്.
ഗോവയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനെത്തിയ ബി.ജെ.പി കേന്ദ്ര നിരീക്ഷകര്‍ മുന്‍ പാര്‍ട്ടി എം.എല്‍.എമാരെ വിളിച്ചു വരുത്തി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു തൊട്ടുപിറകെയാണ് സര്‍ക്കാരിന് അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്കു കത്തു നല്‍കിയത്. സഖ്യകക്ഷികള്‍ ബി.ജെ.പിക്കുള്ള പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ബി.ജെ.പി കേന്ദ്ര സംഘത്തിലുള്ള നേതാവ് റാം ലാല്‍ പറഞ്ഞു.
മുഖ്യമന്ത്രി പരീക്കറുടേയും രണ്ടു മന്ത്രിമാരുടേയും അനാരോഗ്യം മൂലമുള്ള അസാന്നിധ്യം ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബി.ജെ.പിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിട്ടും സഖ്യ രൂപീകരിക്കന്നതില്‍ പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസിന് ഗോവയില്‍ ഭരണം നഷ്ടമായത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, മൂന്ന് സ്വതന്തര്‍ എന്നിവരുടെ പിന്തുണയോടെയാണ് ബി.ജെ.പി സഖ്യസര്‍ക്കാരുണ്ടാക്കിയത്.
മൂന്നു മാസത്തോളം നീണ്ട ചികിത്സ കഴിഞ്ഞ് യുഎസില്‍ നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി പരീക്കറെ തുടര്‍ചികിത്സയ്ക്കായി ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ ഇപ്പോല്‍ യുഎസില്‍ ചികിത്സയിലാണ്. ഊര്‍ജ മന്ത്രി പന്‍ഡുറാങ് മഡകയ്ക്കര്‍ക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മസ്തിഷ്‌ക്കാഘാതം ഉണ്ടായത്.