Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവിനോട് പെട്രോള്‍ വിലവര്‍ധനയെ കുറിച്ച് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ഇടിയും തൊഴിയും

ചെന്നൈ- മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷ തമിലിസൈ സൗന്ദര്‍രാജനോട് പെട്രോള്‍ വില വര്‍ധനയെ കുറിച്ച് ചോദിച്ച പ്രായമായ ഓട്ടോ ഡ്രൈവറെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ പ്രാദേശിക ചാനലുകള്‍ പുറത്തു വിട്ടതോടെ സാമൂഹ മാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. തമിലിസൈ സൗന്ദര്‍രാജന്റെ തൊട്ടുപിറകില്‍ നില്‍ക്കുന്ന കാക്കി ധരിച്ച ഓട്ടോ ഡ്രൈവറാണ് കേന്ദ്രം ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെ് കുറിച്ച് നേരിട്ട് ചോദിച്ചത്. ഇതോടെ തൊട്ടടുത്ത നില്‍ക്കുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ ഓട്ടോ ഡ്രൈവറെ കൈമുട്ടു കൊണ്ട് ഇടിച്ചു പിന്നോട്ടു മാറ്റാന്‍ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതു ചോദ്യം ചെയ്തതോടെ ബി.ജെ.പി പ്രവര്‍ത്തകന്‍ ഇയാളെ തള്ളിമാറ്റി. മറ്റുള്ളവര്‍ കൂടി ചേര്‍ന്ന് ഡ്രൈവറെ മര്‍ദിക്കുകയും പിടിച്ചുവലിച്ചു മാറ്റുകയും ചെയ്തു. 

ഇന്ധന വിലവര്‍ധനമൂലം ഓട്ടോ ഡ്രൈവര്‍മാര്‍ നേടിരുന്ന പ്രയാസം അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മര്‍ദനത്തിനിരയായ ഓട്ടോ ഡ്രൈവര്‍ കതിര്‍ പറഞ്ഞു. ഇത് അവര്‍ തെറ്റായ അര്‍ത്ഥത്തില്‍ എടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദിവസം അഞ്ഞൂറു രൂപയെങ്കിലും മിച്ചം കിട്ടിയാലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ജീവിക്കാനാകൂ. പെട്രോള്‍ വില കൂടിയതോടെ ഇപ്പോള്‍ 350 രൂപ മാത്രമെ ബാക്കിയാകുന്നുള്ളൂവെന്നും കതിര്‍ ചൂണ്ടിക്കാട്ടി. ചെന്നൈയില്‍ പെട്രോള്‍ ലീറ്ററില് പുതിയ വില 85.31 രൂപയാണ്. കൂഡല്ലൂര്‍ ജില്ലയില്‍ വില 87.03 രൂപയാണ്. ഇവിടെയാണ് കല്യാണ വീട്ടില്‍ വധുവരന്‍മാര്‍ക്ക് സമ്മാനമായി കാനില്‍ നിറച്ച പെട്രോള്‍ ലഭിച്ചത്.
 

Latest News