ഗുവാഹത്തി- മണിപ്പൂരില്‍ യുവാവിനെ ആള്‍ക്കുട്ടം തല്ലിക്കൊല്ലുന്നത് നോക്കിനിന്ന നാല് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. 26 കാരനെ മര്‍ദിക്കുന്നത് പോലീസുകാര്‍ നോക്കിനില്‍ക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. സസ്‌പെന്റ് ചെയ്യപ്പെട്ടവരില്‍ ഒരു എസ്.ഐയും ഉള്‍പ്പെടും. വ്യാഴാഴ്ചയായിരുന്നു സംഭവം. മര്‍ദനമേറ്റ യുവാവ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
മര്‍ദനമേറ്റയാള്‍ ജീവനോടെ അവിടെ കിടന്നിട്ടും പോലീസുകാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജോഗേശ്വര്‍ ഹാവോബിജാം പറഞ്ഞു. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചാണ് തൗബാല്‍ ജില്ലയിലെ ഫാറൂഖ് ഖാനെ ആളുകള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനമേറ്റ് പുളയുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പലരും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഖാനോടൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഇവര്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇവര്‍ സഞ്ചരിച്ച ഒരു കാര്‍ ജനക്കൂട്ടം കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ ഒരു കോണ്‍സ്റ്റബിളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ പ്രതിഷേധത്തിനിടയാക്കിയ സംഭവത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയിരുന്നു. വിശദമായ റിപ്പോര്‍ട്ട് ഈമാസം 22-ന് സമര്‍പ്പിക്കാന്‍ മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ഡി.ജി.പിയോട് ആവശ്യപ്പെട്ടു. പോലീസ് അലംഭാവത്തെ കുറ്റപ്പെടുത്തിയ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേണ്‍ സിംഗ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു.