Sorry, you need to enable JavaScript to visit this website.

പീഡിപ്പിച്ച കേരള പോലീസിനെ വെറുതെ വിടില്ലെന്ന്; ചാരക്കേസ് ഇര മറിയം റശീദ നിയമപോരാട്ടത്തിന്

ചെന്നൈ- വ്യാജ ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ തെറ്റുകാരായ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ സുപ്രീം കോടതി ജുഡീഷ്യല്‍ കമ്മിറ്റിയെ നിയോഗിച്ചതിനു തൊട്ടുപിന്നാലെ ഉന്നത പോലീസ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നറിയിച്ച് കേസില്‍ തെറ്റായി ഉള്‍പ്പെടുത്തപ്പെട്ട മാലിദ്വീപുകാരി മറിയം റശീദ രംഗത്തെത്തി. തന്നെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും സല്‍പ്പേര് കളങ്കപ്പെടുത്തുകയും ചെയ്ത കേരള പോലീസ് ഉന്നത ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്നും നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്നും മറിയം റശീദ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. കേസില്‍ പോലീസ് വ്യാജകുറ്റം ചുമത്തി പീഡിപ്പിച്ച ഐ.എസ.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീം കോടി വിധിച്ച 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം വളരെ കുറവാണെന്നും റശീദ പറഞ്ഞു.

വ്യാജമായി കെട്ടിച്ചമച്ചുണ്ടാക്കിയതെന്ന് സി.ബി.ഐയും സുപ്രീം കോടതിയും കണ്ടെത്തിയ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു സിബി മാത്യൂസ്, മുന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്‍ എന്നീ പോലീസുദ്യോഗസ്ഥരെ പേരെടുത്തു പരാമര്‍ശിച്ചാണ് റശീദ നീതിക്കായി നിയമ പോരാട്ടം നടത്തുമെന്ന് അറിയിച്ചത്. തന്റെ അഭിഭാഷകന്‍ താമസിയാതെ അനുയോജ്യമായ കോടതിയെ സമീപിക്കുമെന്നും റശീദ പറഞ്ഞു. കേസിന്റെ പേരിലുണ്ടായ ദുരനുഭവങ്ങള്‍ ഇന്ത്യയെ കുറിച്ചുള്ള ഭീതിപ്പെടുത്തുന്നു ഓര്‍മകളാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലേക്ക് ഇനി വരില്ല. അതേസമയം സുപ്രീം കോടതി നിയോഗിച്ച ജസറ്റിസ് ജെയ്ന്‍ കമ്മിറ്റിക്കു മുമ്പാകെ വേണ്ടി വന്നാല്‍ മൊഴി നല്‍കാന് എത്തുന്ന കാര്യം നിയമ ഉപദേശം അനുസരിച്ച് തീരുമാനിക്കുമെന്നും റശീദ പറഞ്ഞു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വിജയന്‍ തന്നോട് ക്രൂരമായാണ് പെരുമാറിയതെന്ന് റശീദ ഓര്‍ത്തെടുത്തു. പ്ലേഗ് ആശങ്ക കാരണം തനിക്ക് മാലിദ്വീപിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്കയറിക്കാന്‍ വിജയനെ കണ്ടപ്പോള്‍ അദ്ദേഹം തന്റെ പാസ്‌പോര്‍ട്ട് 18 ദിവസം പിടിച്ചുവയ്ക്കുകയും ശേഷം കാലാവധിക്കു ശേഷവും ഇന്ത്യയില്‍ തങ്ങിയതിന് അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നും റശീദ പറയുന്നു. കസ്റ്റഡിയില്‍ ക്രൂരമായാണ് അദ്ദേഹം എന്നെ തല്ലിച്ചതച്ചത്. ഐ.ബിയില്‍ നിന്നുള്ള മറ്റു ഉദ്യോഗസ്ഥരും എന്നെ മര്‍ദിച്ചിട്ടുണ്ട്. അവരുടെ പേരുകള്‍ ഓര്‍ക്കുന്നില്ല-റശീദ പറഞ്ഞു. 

ചാരക്കേസില്‍ 1994ലാണ് റശീദ കേരള പോലീസ് പിടിയിലായത്. കേസില്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കുന്നതു വരെ മൂന്നര വര്‍ഷത്തോളം കാലം ജയിലില്‍ കിടന്നു. 1996ല്‍ സിബിഐ കേസ് അവസാനിപ്പിച്ച് റിപോര്‍ട്ട് നല്‍കിയെങ്കിലും ഇതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചതോടെ റശീദയുടെ തടവ് പിന്നെയും നീണ്ടു. ചികിത്സയ്ക്കും സുഹൃത്തും കേസില്‍ പിടിയിലാകുകയും ചെയ്ത ഫൗസിയ ഹസന്റെ മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമാണ് റശീദ കേരളത്തിലെത്തിയിരുന്നത്്. ഇതിനിടെയാണ് പോലീസ് ചാരക്കേസില്‍ ഉള്‍പ്പെടുത്തി ഇവരെ അറസ്റ്റ് ചെയ്തത്്. 


 

Latest News