Sorry, you need to enable JavaScript to visit this website.

മുരളിയുടെ നിലപാട് മാറ്റം രാഷ്ട്രീയ ഭാവി മുന്നിൽക്കണ്ട്  


തിരുവനന്തപുരം- ചാരക്കേസിൽ കരുണാകരന്റെ രാജിക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളില്ലെന്ന കെ. മുരളീധരന്റെ നിലപാട് സ്വന്തം രാഷ്ട്രീയ ഭാവിക്കുവേണ്ടിമാത്രം. പ്രായോഗിക രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല എന്ന നയമാണ് മുരളീധരൻ സ്വീകരിച്ചത്. കോൺഗ്രസിൽ ആദർശത്തിനല്ല, അധികാരത്തിനാണ് പ്രസക്തി എന്ന തിരിച്ചറിവാണ് മുരളിയുടെ ചുവടുമാറ്റത്തിന് കാരണമെന്നാണ് ആക്ഷേപം. കരുണാകരനെ ചതിച്ചവരിൽ പ്രധാനി ഉമ്മൻചാണ്ടിയാണെന്നത് പരസ്യമായ രഹസ്യമാണ്. മുരളീധരന്റെ ഇപ്പോഴത്തെ പിടിവള്ളി ഉമ്മൻചാണ്ടിയാണ്. രമേശ് ചെന്നിത്തലയുമായി പൊരുത്തപ്പെടാനാവാത്ത മുരളീധരന് ഇനി കേരള രാഷ്ട്രീയത്തിൽ നിലനിൽക്കണമെങ്കിൽ ഉമ്മൻചാണ്ടിയുടെ സഹായം വേണം. അതിനാൽ ചാരക്കേസ് തൽക്കാലം മറക്കുന്നു.
1995 മാർച്ച് 16ന് ചാരക്കേസിൽ മുഖ്യമന്ത്രിപദം രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പ് പുത്തരിക്കണ്ടം മൈതാനിയിൽ കെ. കരുണാകരൻ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു- 'ഇതുപോലെ ചതിയന്മാർ ഉണ്ടാവില്ല. ഇത്രയും നാളത്തെ ജീവിതത്തിനിടയിൽ ഇതുപോലെയുള്ള രാഷ്ട്രീയ നപുംസകങ്ങളെ ഞാൻ കണ്ടിട്ടില്ല. ഒരു മണിക്കൂറിനകം ഗവർണറെക്കണ്ട് ഞാൻ എന്റെ രാജി സമർപ്പിക്കുകയാണ്. 110 കൊല്ലം ജനങ്ങളെ സേവിച്ച കോൺഗ്രസിൽ ഇതുപോലെ ചതിയന്മാർ ഉണ്ടായിട്ടില്ല. ചരിത്രം ഇവർക്ക് മാപ്പുകൊടുക്കില്ല. ജനങ്ങൾ ഇവരോട് പൊറുക്കില്ല.'
ചാരക്കേസ് രാഷ്ട്രീയ ആയുധമാക്കി തന്നെ പടിയിറക്കിവിട്ട കേരളത്തിലെ കോൺഗ്രസ് നേതാക്കളോടുള്ള കെ. കരുണാകരന്റെ പ്രതികരണമായിരുന്നു ഇത്. 23 വർഷങ്ങൾക്കിപ്പുറം കെ. കരുണാകരന്റെ മകനും എം.എൽ.എയുമായ കെ. മുരളീധരൻ ഇപ്പോൾ കെ. കരുണാകരനെ ചതിച്ചവർക്ക് മാപ്പുകൊടുത്തിരിക്കുന്നു. കരുണാകരന്റെ രാജിക്ക് പിന്നിലെ തനിക്കറിയാവുന്ന ചതി നരസിംഹറാവുവിന്റേതുമാത്രമാണ് എന്നാണ് കെ. മുരളീധരന്റെ വെളിപ്പെടുത്തൽ. നരസിംഹറാവു എന്നെ ചതിച്ചു എന്നുമാത്രമാണ് കെ. കരുണാകരൻ തന്നോടു പറഞ്ഞിട്ടുള്ളതെന്നും അതിനപ്പുറം ഈ കേസിൽ തനിക്കൊന്നുമറിയില്ലെന്നും ചാരക്കേസുമായി ബന്ധപ്പെട്ട് ഇനിയൊരു പ്രതികരണത്തിനുമില്ലെന്നുമാണ് മുരളീധരന്റെ നിലപാട്. 
ചാരക്കേസ് ഉയർന്നുവന്നപ്പോൾ മുന്നിൽനിന്ന് പടനയിച്ച ഉമ്മൻചാണ്ടി പൊതുപ്രസംഗങ്ങളിൽ പറഞ്ഞ വാക്കുകൾ ഇപ്പോഴും കോൺഗ്രസുകാർ ആരും മറന്നിട്ടില്ല. 'കരുണാകരനെ കോൺഗ്രസിനും ജനങ്ങൾക്കും ഇനിയും സഹിക്കാനാവില്ല. മുഖ്യമന്ത്രി പറയുന്നത് ഒരു കുഞ്ഞുപോലും വിശ്വസിക്കില്ല. രക്ഷിക്കാൻ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു കരുണാകരന്റെ രാജിയല്ലാതെ മറ്റൊരു മാർഗമില്ല.' പൊതുപ്രസംഗങ്ങളിൽ കരുണാകരനെതിരെ ആഞ്ഞടിച്ച ആന്റണിപക്ഷം കരുണാകരന്റെ നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ടു. പൊതുവേദികളിൽ പ്രവർത്തകരെ ഉപയോഗിച്ച് കരുണാകരനെ പരസ്യമായി അപമാനിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽപോലും കരുണാകരനുനേരെ കരിങ്കൊടി പ്രയോഗമുണ്ടായി. ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിൽ നടന്ന സിനിമാ അവാർഡ്ദാന ചടങ്ങിൽ പ്രസംഗത്തിനെത്തിയ കരുണാകരന് എ പക്ഷക്കാരായ പാർട്ടി പ്രവർത്തകരുടെ കൂവൽമൂലം പ്രസംഗം തുടരാൻ പോലുമായില്ല. 
പ്രതിപക്ഷത്തെക്കൊണ്ട് കെ. കരുണാകരനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നതിനു പിന്നിലും അന്നത്തെ എ ഗ്രൂപ്പ് തന്നെയായിരുന്നു. ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ഹൈക്കമാൻഡ് ഇടപെട്ട് കോൺഗ്രസ് എം.എൽ.എമാർ അവിശ്വാസത്തെ എതിർക്കണമെന്ന വിപ്പും നൽകി. ആ വിപ്പ് നിലനിൽക്കെ സഭയിൽ കരുണാകരനെ വിമർശിച്ച് പ്രസംഗിച്ച നേതാവായിരുന്നു  വി.എം.സുധീരൻ. ആദ്യം ശൈലീമാറ്റവും പിന്നീട് നേതൃമാറ്റവും ആവശ്യപ്പെട്ട എ ഗ്രൂപ്പ്, ചാരക്കേസിൽ കരുണാകരനെതിരെ ഘടകകക്ഷികളെ ഒപ്പംകൂട്ടി. എൻ.എസ്.എസിന്റെ പി.കെ. നാരായണപ്പണിക്കരും സി.എം.പിയുടെ എം.വി. രാഘവനും മാത്രമായിരുന്നു കരുണാകരനൊപ്പംനിന്ന ഘടകകക്ഷി നേതാക്കൾ. പാണക്കാട് തങ്ങളും കെ.എം. മാണിയും ടി.എം. ജേക്കബും വരെ കരുണാകരനെ തള്ളിപ്പറയാൻ ഇടയാക്കിയതിനുപിന്നിൽ എ ഗ്രൂപ്പിന്റെ കുടിലബുദ്ധിയായിരുന്നു. 
കരുണാകരൻ രാജിവച്ചശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കരുണാകരനെ പരാജയപ്പെടുത്തിയതും ഇവർ തന്നെയായിരുന്നു. തന്നെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തി എന്നാണ് കരുണാകരൻ ഇതെക്കുറിച്ച് പറഞ്ഞത്. കരുണാകരൻ എന്ന രാഷ്ട്രീയ നേതാവിനെ ഇല്ലാതാക്കിയ ആന്റണി പക്ഷത്തോട് അടുപ്പം പുലർത്തുന്നതാണ് മുരളീധരന്റെ ഇപ്പോഴത്തെ നിലപാട്. പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തമെന്നും കരുണാകരന് നീതിലഭിക്കാതെപോയത് കുടുംബത്തിന്റെ സ്വകാര്യദുഃഖമായി അവശേഷിക്കട്ടെയെന്നുമാണ് മുരളീധരന്റെ ഇപ്പോഴത്തെ നിലപാട്.

Latest News