Sorry, you need to enable JavaScript to visit this website.

വിജയ്മല്യയെ അറസ്റ്റ് ചെയ്തു, മൂന്നു മണിക്കൂറിനുള്ളിൽ ജാമ്യം

ന്യൂദൽഹി- ഇന്ത്യയിൽനിന്ന് കോടിക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്ത കബളിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ്മല്യയെ അറസ്റ്റ് ചെയ്തു. എന്നാൽ മൂന്നു മണിക്കൂറിന് ശേഷം മല്യക്ക് ജാമ്യം അനുവദിച്ചു.  ലണ്ടനിൽ സ്‌കോട്ട്‌ലാൻറ്  യാർഡ് പോലീസാണ് മല്യയെ അറസ്റ്റ് ചെയ്തത്. വെസ്റ്റ്മിൻസ്റ്റൺ കോടതിയിൽ ഹാജരാക്കിയ മല്യക്ക് കോടതി ഉടൻ ജാമ്യം അനുവദിച്ചു. കേസിൽ അടുത്ത മാസം 17ന് കോടതി വാദം കേൾക്കും. ഇന്ത്യയിൽ നിരവധി അറസ്റ്റ് വാറണ്ടുകൾ നിലനിൽക്കുന്ന വിജയ് മല്യയെ പിടികൂടി കൈമാറണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഒൻപതരക്കാണ് മല്യയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് കരുതുന്നത്. 
61-കാരനായ വിജയ്മല്യക്കെതിരെ കഴിഞ്ഞയാഴ്ച്ച ദൽഹി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞവർഷമാണ് വിജയ് മല്യ ഇന്ത്യയിൽനിന്ന് ലണ്ടനിലേക്ക് കടന്നത്. ഇദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം നിരവധി തവണ ഇന്ത്യ നടത്തിയെങ്കിലും വിജയിച്ചില്ല. ഏറ്റവുമൊടുവിൽ ഇദ്ദേഹത്തിന്‍റെ പാസ്‌പോർട്ട് ഇന്ത്യ മരവിപ്പിച്ചു. എന്നാൽ ബ്രിട്ടൻ വിസയുള്ളതിനാൽ ആ രാജ്യത്ത് തങ്ങുന്നതിന് തടസമുണ്ടായിരുന്നില്ല. ഐ.ഡി.ബി.ഐ ബാങ്കിൽനിന്ന് 900 കോടി രൂപ വായ്പയെടുത്തതടക്കം നിരവധി കേസുകളാണ് മല്യയുടെ പേരിലുള്ളത്. മറ്റു ബാങ്കുകകളിൽനിന്നും കോടികളുടെ വായ്പയുണ്ട്.

Latest News