ചണ്ഡിഗഡ്- ഹരിയാനയിൽ പത്തൊൻപതുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഡോക്ടറും പ്രതിയെന്ന് പോലീസ്. പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയതിനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് പ്രധാമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് വഴിത്തിരിവ്. ഈ കേസിലെ പ്രധാനപ്രതി നിഷു പോഗട്ട് എന്നയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഡോക്ടറെ പറ്റിയുള്ള സൂചന ലഭിച്ചത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ നില വഷളായതോടെയാണ് നിഷു പോഗട്ട് ഡോക്ടർ സഞ്ജീവിനെ വിളിച്ചത്. പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ സ്ഥലത്തിന്റെ ഉടമസ്ഥൻ കൂടിയായിരുന്നു ഡോക്ടർ സഞ്ജീവ്. ഡോക്ടറും ബലാത്സംഗത്തിൽ പങ്കാളിയായി എന്നാണ് പോലീസ് നൽകുന്ന വിവരം. ബലാത്സംഗം നടക്കുന്ന സമയത്ത് ഇയാളും അവിടെ ഉണ്ടായിരുന്നുവെന്നും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്നും പോലീസ് ഉദ്യോഗസ്ഥൻ നസ്‌നീൻ ബാസിൻ പറഞ്ഞു. ബലാത്സംഗ കേസിൽ ഒരു പട്ടാളക്കാരനും മറ്റൊരാളും പ്രതിയാണ്. ഇവരെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണ്.
കഴിഞ്ഞദിവസമാണ് ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയെ അക്രമികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. വയലിൽ സ്ഥാപിച്ച കുഴൽ കിണറിനോട് ചേർന്ന പമ്പ് ഹൗസിനകത്ത് വെച്ചായിരുന്നു പീഡനം. പെൺകുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചായിരുന്നു അക്രമികൾ ക്രൂരകൃത്യം ചെയ്തത്. എട്ടുമുതൽ പത്തുവരെയാളുകൾ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ അച്ഛൻ മൊഴി നൽകിയത്. നിഷു എന്നയാളാണ് കേസിലെ പ്രധാന പ്രതി. ഇയാളാണ് പെൺകുട്ടിയെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയത്. മദ്യം നൽകി മയക്കികിടത്തിയ ശേഷം ഇയാൾ സ്ഥലമുടമ ദീൻ ദയാലിനോട് ഒരു മുറി സൗകര്യപ്പെടുത്താൻ ആവശ്യപ്പെട്ടു. നിഷു എന്ന അക്രമിക്കൊപ്പം ഉണ്ടായിരുന്ന മൂന്നുപേർ ദീൻദയാലിനോട് മുറിയുടെ കീ വാങ്ങുകയും പെൺകുട്ടിയെ അവിടേക്ക് എത്തിക്കുകയുമായിരുന്നു. ദീൻദയാലിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. തുടക്കത്തിൽ പോലീസ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി പോലും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. തങ്ങളുടെ അധികാരപരിധിയിൽ വരുന്ന സ്ഥലമല്ല എന്നായിരുന്നു കാരണം പറഞ്ഞത്. പെൺകുട്ടി സാധാരണനില കൈവരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.