ന്യൂദല്‍ഹി- വിവിധ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പ എടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയ്‌ക്കെതിരായ രണ്ടാം കുറ്റപത്രം സി.ബി.ഐ വൈകാതെ സമര്‍പ്പിക്കും. കടംകയറി അടച്ചുപൂട്ടിയ മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈനു വേണ്ടി 6,000 കോടി രൂപയുടെ വായ്പയാണ് 17 ബാങ്കുകള്‍ നല്‍കിയിരുന്നത്്. എസ്.ബി.ഐ നേതൃത്വത്തിലായിരുന്നു ബാങ്കുകളുടെ ഈ കണ്‍സോര്‍ഷ്യം. ഈ വായ്പ അനുവദിച്ച ബാങ്കുകളിലെ ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥരേയും സിബിഐ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്ന് അന്വേഷണവുമായി ബന്ധമുള്ള വൃത്തങ്ങള്‍ സൂചന നല്‍കുന്നു. 2009-10 വര്‍ഷം മുതലാണ് കിങഫിഷര്‍ വായ്പാ തിരിച്ചടവ് തെറ്റച്ചു തുടങ്ങിയത്. ഈ വായ്പകളില്‍ ചിലത് കിങ്ഫിഷറിന്റെ വായപാ ശേഷി ഇടിഞ്ഞ സമയത്തായിരുന്നെന്നും കമ്പനി നല്‍കിയ ഈടുകള്‍ വിലകൂട്ടി കാണിച്ചുവെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. ഇതു മറികടന്ന് ക്രമവിരുദ്ധമായാണ് ചില ബാങ്ക് ഉദ്യോഗസ്ഥര്‍ കിങ്ഫിഷറിന വായ്പകള്‍ അനുവദിച്ചതെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്നെടുത്ത 900 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം സി.ബി.ഐ മല്യയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസിലും മുതിര്‍ന്ന ബാങ്കുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടായിരുന്നു. ഐ.ഡി.ബി.ഐ ബാങ്കിലെ വായ്പയുടെ പേരില്‍ 2015-ലും കണ്‍സോര്‍ഷ്യം വായ്പ തെറ്റിച്ചതുമായി ബന്ധപ്പെട്ട് 2016ലുമാണ് സി.ബി.ഐ കേസെടുത്തിരുന്നത്. കണ്‍സോര്‍ഷ്യം വായ്പയുമായി ബന്ധപ്പെട്ട് കിങ്ഫിഷറിനുള്ള വായ്പ കൈകാര്യം ചെയ്ത എസ.ബി.ഐ അടക്കമുള്ള ബാങ്കുകളിലെ നിലവില്‍ സര്‍വീസിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും വിരമിച്ചവരും ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെടും. ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കിങഫിഷറിന്റെ പേരില്‍ ആയിരക്കണക്കിന് കോടികളുടെ വായ്പ എടുത്ത മല്യ ഈ തുക മറ്റാവശ്യങ്ങള്‍ക്കു വേണ്ടി വകമാറ്റി ചെലവഴിച്ചതിനും സിബിഐക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.