Sorry, you need to enable JavaScript to visit this website.

രാജ്യം രക്ഷപ്പെടണമെങ്കില്‍ ആര്‍.എസ്.എസിനെ അടുപ്പിക്കരുതെന്ന് അഖിലേഷ് യാദവ് 

ലഖ്‌നൗ- രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍.എസ്.എസ്) ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും രാജ്യത്തിന്റെ രക്ഷയ്ക്ക് ഇവരെ അടുപ്പിക്കാതിരിക്കേണ്ടത് അനിവാര്യമാണെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. മതത്തിന്റെയും ജാതിയുടേയും പേരു പറഞ്ഞാണ് ആര്‍.എസ്.എസ് നമുക്കിടയില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ അവരെ എതിര്‍ക്കുന്നത്, ദല്‍ഹിയില്‍ തിങ്കളാഴ്ച നടക്കുന്ന ആര്‍.എസ്.എസ് പരിപാടിയിലേക്കുള്ള ക്ഷണം തള്ളിക്കൊണ്ട് അഖിലേഷ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും തുല്യ പങ്കുണ്ട്. ആര്‍.എസ്.എസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് സമാജ് വാദി പാര്‍ട്ടി തോറ്റതെന്നും മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് പറഞ്ഞു.

മതത്തിന്റേയും ജാതിയുടേയും പേരില്‍ യുവാക്കളെ തമ്മിലടിപ്പിച്ചാല്‍ അവര്‍ ജോലിയെ കുറിച്ചോ വരുമാനത്തെ കുറിച്ചോ ചോദിക്കില്ല. ഇതാണ് അവരുടെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ആര്‍.എസ്.എസ് വിവിധ പ്രതിപക്ഷ നേതാക്കളേയും ക്ഷണിച്ചിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍.എസ്്.എസിനെ കുറിച്ച് എഴുതിയതു വായിച്ചതോടെയാണ് താന്‍ അവരോട് അകലം പാലിക്കാന്‍ തുടങ്ങിയതെന്നും അഖിലേഷ് പറഞ്ഞു. 

എതിരാളികള്‍ക്കു മുമ്പില്‍ ആര്‍.എസ്.എസ് വാതില്‍ തുറക്കുകയാണെന്ന റിപോര്‍ട്ടുകളെ വ്യാജമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസും ഇവരുടെ വാദം തള്ളിയിട്ടുണ്ട്. ദല്‍ഹിയില്‍ നടക്കുന്ന പരിപാടിക്ക് കോണ്‍ഗ്രസിനെയോ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗന്ധിയെയോ ക്ഷണിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രാചരണം വ്യാജമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു.
 

Latest News