Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു

പട്‌ന- ഊഹങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുനൈറ്റഡില്‍ (ജെ.ഡി.യു) ചേര്‍ന്നു. ആറു വര്‍ഷമായി പ്രധാനമന്ത്രി നേരന്ദ്ര മോഡിക്കും ബി.ജെ.പിക്കും നിതീഷിനുമടക്കം തെരഞ്ഞെടുപ്പു പ്രാചരണ തന്ത്രങ്ങള്‍ മെനഞ്ഞ അനുഭവ സമ്പത്തുമായാണ് പ്രശാന്ത് തെരഞ്ഞെടുപ്പു രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്തു വച്ചത്. കഴിഞ്ഞയാഴ്ചയാണ് പ്രശാന്ത് താന്‍ രാഷ്ട്രീയ രംഗത്തിറങ്ങുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ ഏതു പാര്‍ട്ടിയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. നിതീഷുമായി ഏറെ അടുപ്പമുള്ള പ്രശാന്ത് ജെ.ഡി.യുവില്‍ ചേരുമെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുകളുണ്ടായിരുന്നു. പ്രശാന്ത് ആണ് ഭാവിയെന്ന് നിതീഷ് പ്രതികരിച്ചു. പട്‌നയില്‍ നടന്ന ചടങ്ങളിലാണ് പ്രശാന്തിനെ നിതീഷ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി പാര്‍ട്ടിയിലെടുത്തത്.

നിതീഷ് കുമാറിനു പിന്നിലെ രാഷ്ട്രീയ ബുദ്ധി കേന്ദ്രമായാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രശാന്ത് അറിയപ്പെടുന്നത്. നിതീഷ് ബി.ജെ.പി സഖ്യത്തില്‍ ചേര്‍ന്നപ്പോഴും ഇരുവരും തമ്മില്‍ നല്ല ബന്ധം തുടര്‍ന്നു. ഈയിടെ ഇരുവരും നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയതോടെ പ്രശാന്ത് ജെ.ഡി.യുവില്‍ ചേരുന്നതായി അഭ്യൂഹമുണ്ടായിരുന്നു. നിതീഷിനും മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും തമ്മില്‍ അനുരജ്ഞനമുണ്ടാക്കുകയാകും പ്രശാന്തിനെ ഏല്‍പ്പിക്കുന്ന ആദ്യ ജോലിയെന്ന് കരുതപ്പെടുന്നു. ഈ ശ്രമം മുമ്പും നടന്നിരുന്നെങ്കിലും ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്ന ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ എതിര്‍പ്പു കാരണം നടന്നില്ല.

2012-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കു വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞാണ് പ്രശാന്തിന്റെ തുടക്കം. പിന്നീട് 2014-ലെ ബി.ജെ.പി പ്രചാരണ തന്ത്ര രൂപപ്പെടുത്തിയും പ്രശാന്ത് വാര്‍ത്തയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് പ്രശാന്ത് സ്വന്തം വഴി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് അടക്കമുള്ള ബി.ജെ.പി എതിരാളികള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു.
 

Latest News