മനില- ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച മംഗൂട്ട് ചുഴലിക്കൊടുങ്കാറ്റ് ദക്ഷിണ ചൈനയിലേക്ക് നിങ്ങുന്നു. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഫിലിപ്പീന്‍സിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വലിയ നാശമുണ്ടാക്കിയിരുന്നു. 12 പേര്‍ മരിക്കുകയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കൃഷിക്കും വലിയ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ഗ്രാമീണ മേഖലയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് വീടുവിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കേണ്ടി വന്നു. ഫിലിപ്പീന്‍സില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും ശക്തിയേറി ചുഴലിക്കാറ്റാണിത്. കനത്ത മഴയയെ തുടര്‍ന്ന് മലയോര മേഖലയില്‍ വ്യാപക മണ്ണിടിച്ചിലും മറ്റിടങ്ങളില്‍ പ്രളയവും ഉണ്ട്. നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ദുരന്തത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ.
ഞായറാഴ്ച പുലര്‍ച്ചയോടെ മംഗൂട്ട് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ദക്ഷിണ ചൈനയുടെ ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വലിയ ജനസംഖ്യയുള്ള ചൈനയുടെ തെക്കന്‍ തീരങ്ങളിലേക്കാണ് ഇതു നീങ്ങുന്നത്. ചൈനയും ഹോങ്കോങ്ങും ജനങ്ങള്‍ക്ക് മുന്നറയിപ്പു നല്‍കിയിട്ടുണ്ട്. ഇവിടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങിയിട്ടുണ്ട്.