ജിദ്ദ- സൗദിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഹൂത്തികൾ മിസൈലുകൾ തൊടുത്തുവിടുന്നത് എന്നതിന് ഹൂത്തികളുടെ അധീനതയിലുള്ള ടെലവിഷൻ ചാനലിന്റെ സ്ഥിരീകരണം. ഹൂത്തികളുടെ ഉടമസ്ഥതയിലുള്ള അൽ മസീറ ടി.വി സ്റ്റേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. ശനിയാഴ്ച്ച രാത്രിയും യെമനിൽനിന്ന് സൗദി ലക്ഷ്യമിട്ട് ഹൂത്തികൾ മിസൈൽ തൊടുത്തുവിട്ടിരുന്നു. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഇത് സൗദി നിർവീര്യമാക്കി. ഇന്നലെ രാത്രി 7.15നാണ് യെമനിൽ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സദ പ്രവിശ്യയിൽനിന്ന് മിസൈൽ തൊടുത്തുവിട്ടത്. ജിസാൻ ലക്ഷ്യമാക്കിയായിരുന്നു മിസൈൽ തൊടുത്തുവിട്ടത്. എന്നാൽ ലക്ഷ്യത്തിലെത്തും മുമ്പ് മിസൈൽ നിർവീര്യമാക്കാൻ സൗദി സൈന്യത്തിന് കഴിഞ്ഞു. ഹൂത്തികൾ സൗദിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മിസൈലുകൾ തൊടുത്തുവിടുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിനെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി. ഇറാനാണ് ഹൂത്തികൾക്ക് ആവശ്യമായ സഹായം നൽകുന്നതെന്നും മുഴുവൻ അന്താരാഷ്ട്ര വ്യവസ്ഥകളും ലംഘിക്കുകയും സൗദിയുടെ സുരക്ഷ നശിപ്പിക്കാൻ ശ്രമിക്കുകയാണ് ഇറാൻ ചെയ്യുന്നതെന്നും തുർക്കി അൽ മാലികി ആരോപിച്ചു.