ഭോപാൽ- ഭോപാലിലെ സ്വകാര്യ അഭയകേന്ദ്രത്തിൽ അന്തേവാസികളെ ബലാത്സംഗത്തിന് ഇരയാക്കി. അഭയകേന്ദ്രത്തിലുണ്ടായിരുന്ന മൂന്നു പേരെ സ്ഥാപനത്തിന്റെ ഉടമ കൊന്നതായും പരാതി. അന്തേവാസികളുടെ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരനായ എഴുപതുകാരനായ മുൻ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. അന്തേവാസികളായ മൂന്നു ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് സാമൂഹ്യനീതി വകുപ്പിൽ പരാതി നൽകിയത്. പോലീസിനെ സമീപിക്കുന്നതിന് മുമ്പായിരുന്നു പരാതി. ഒരു ആൺകുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായതിനെ തുടർന്ന് കൊല്ലപ്പെട്ടതായ പരാതിയിലുണ്ട്. മറ്റൊരു കുട്ടിയെ തല ചുമരിൽ അടിച്ചും കൊലപ്പെടുത്തി. രാത്രി മുഴുവൻ തണുപ്പത്ത് നിർത്തിയതിനെ തുടർന്ന് ഒരു കുട്ടിയും മരിച്ചുവെന്നും പരാതിയിലുണ്ട്.
1995-ൽ രജിസ്റ്റർ അഭയകേന്ദ്രത്തിന് സോഷ്യൽ ജസ്റ്റിസ് ഡിപാർട്‌മെന്റിൽനിന്ന് സാമ്പത്തിക സഹായമുണ്ട്. 42 ആൺകുട്ടികളും 58 പെൺകുട്ടികളുമാണ് ഇവിടെയുള്ളത്. പത്തുവർഷമായി നാല് അധ്യാപകരാണ് ജോലി ചെയ്യുന്നത്. വാർഡന്റെ തസ്തികയിൽ പത്തുവർഷമായി ആരുമില്ല. കേൾവിയും സംസാരശേഷിയുമില്ലാത്ത കുട്ടികൾ സഹായിക്കൊപ്പമെത്തിയാണ് പരാതി നൽകിയതെന്നും പരാതി കലക്ടർക്ക് കൈമാറിയതായും സോഷ്യൽ ജസ്റ്റിസ് ഡിപാർട്ട്‌മെന്റ് ഡയറക്ടർ മോഹൻ തിവാരി പറഞ്ഞു.