ന്യൂദല്‍ഹി- ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക നിലനില്‍ക്കെ സര്‍ക്കാരില്‍ നേതൃമാറ്റത്തിന് ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ പഠിക്കാന്‍ നിരീക്ഷകരെ തിങ്കളാഴ്ച പറഞ്ഞയക്കും. ദീര്‍ഘ നാളത്തെ ചികിത്സ കഴിഞ്ഞ് യുഎസില്‍ നിന്നും സെപ്തംബര്‍ ആറിന് പരീക്കര്‍ തിരിച്ചെത്തിയിരുന്നെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതിയില്ലാത്തതു കാരണം അദ്ദേഹത്തിന് ഇതുവരെ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാനായിട്ടില്ല. വീട്ടില്‍ തന്നെ കഴിയുന്ന പരീക്കര്‍ക്ക് ഇടക്കിടെ ആശുപത്രി സന്ദര്‍ശനം അനിവാര്യയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ പുതിയൊരാളെ കണ്ടെത്തണമെന്ന ചര്‍ച്ച സജീവമായത്.
ബി.ജെ.പി സംസ്ഥാന നേതാക്കളേയും സഖ്യകക്ഷി മന്ത്രിമാരേയും പരീക്കര്‍ വെള്ളിയാഴ്ച ആശുപത്രിയിലേക്കു വിളിച്ചു വരുത്തി യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാരുള്‍പ്പെടെ പങ്കെടുത്ത ഈ യോഗം ഒരു മണിക്കൂറോളം നീണ്ടു. അനാരോഗ്യം കാരണം ചുമതല ഒഴിയാനുളള താല്‍പര്യം പരീക്കര്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചതായും റിപോര്‍ട്ടുണ്ട്. സാധാരണ പോലെ ജോലി ചെയ്യാന്‍ തനിക്ക് കഴിയുന്നില്ലെന്ന് പരീക്കര്‍ അറിയിച്ചതായാണ് റിപോര്‍ട്ട്.
തിങ്കളാഴ്ച ഗോവയിലെത്തുന്ന കേന്ദ്ര നിരീക്ഷകരായ രാം ലാല്‍, ബി.എല്‍ സന്തോഷ് എന്നിവരുള്‍പ്പെട്ട സംഘം പരീക്കര്‍ക്കു പകരക്കാരനെ കണ്ടെത്തും. പരീക്കറുടെ ആരോഗ്യ നില സംബന്ധിച്ച എല്ലാ ആശങ്കകളും ഒഴിയുന്നതു വരെ പകരക്കാരന്‍ മുഖ്യമന്ത്രിയെ അവരോധിക്കാനാണു ബി.ജെ.പി നീക്കം.
ഗോവയില്‍ ബി.ജെ.പിയില്‍ പരീക്കര്‍ക്കു പകരം വയ്ക്കാന്‍ വേറെ നേതാവില്ലെന്നത് പാര്‍ട്ടിയെ കുഴക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാതിരുന്ന ബി.ജെ.പി സഖ്യകക്ഷികളെ കൂടെ കൂട്ടി സര്‍ക്കാര്‍ രൂപീകരിച്ചത് പരീക്കറെ മുന്നില്‍ നിര്‍ത്തിയായിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറെ ദല്‍ഹിയില്‍ നിന്നും തിരിച്ച് ഗോവയിലെത്തിച്ച് മുഖ്യമന്ത്രിയാക്കുകയായിരുന്നു. ലോലമായ സഖ്യകക്ഷി ബന്ധങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ പരീക്കറുടെ പങ്കും വലുതായിരുന്നു. പരീക്കറുടെ അസാന്നിധ്യത്തോടെ ഗോവയില്‍ ഭരണം അപ്രത്യക്ഷമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണമുണ്ട്. ഭരണ തകര്‍ന്ന അവസ്ഥയില്‍ ബി.ജെ.പി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.