ന്യുദല്‍ഹി- യു.എന്‍.ഡി.പിയുടെ ഏറ്റവും പുതിയ ആഗോള മാനവ വികസന സൂചികയില്‍ ഇന്ത്യ ഒരു പടി മുന്നേറി 189 രാജ്യങ്ങളുള്‍പ്പെട്ട റാങ്കിങ്ങില്‍ 130-ാം സ്ഥാനത്തെത്തി. പൗരന്മാരുടെ ദീര്‍ഘവും ആരോഗ്യകരവുമായി ജീവിതം, വിദ്യാഭ്യാസ അവസരങ്ങള്‍, ജീവിത നിലവാരം എന്നീ മൂന്ന് ഘടകങ്ങള്‍ മാനദണ്ഡമാക്കിയാണ് മാനവ വികസ സൂചിക കണക്കാക്കുന്നത്. നേരിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഇന്ത്യയിലെ കാര്യങ്ങള്‍ അത്ര ആശാവഹമല്ലെന്നാണ് കണക്കുകള്‍ നിരത്തി യു.എന്‍.ഡി.പി പറയുന്നത്. മാനവ വികസന മൂല്യത്തിന്റെ കാല്‍ഭാഗത്തോളം ഇന്ത്യയ്ക്കു നഷ്ടമായെന്നും ഇതിനു കാരണം രാജ്യത്ത് നിലനില്‍ക്കുന്ന അസമത്വമാണെന്നും യു.എന്‍.ഡി.പി ഇന്ത്യാ മേധാവി ഫ്രാങ്കൈന്‍ പിക്കപ് പറയുന്നു. മൊത്തത്തില്‍ പുരോഗതി നേടിയെങ്കിലും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഇപ്പോഴും ആരോഗ്യകരമായ ജീവിതവും വിദ്യാഭ്യാസ അവസരങ്ങളും മാന്യമായ ജീവിത സാഹചര്യങ്ങളും അപ്രാപ്യമാണെന്നും അവര്‍ പറയുന്നു. ആഗോള തലത്തിലെ പുരോഗതിയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ പോക്ക് പോയാല്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് തുല്യത കൈവരിക്കാന്‍ രണ്ടു നൂറ്റാണ്ടുകളെടുക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മാനവ വികസ സൂചികയില്‍ പുരുഷന്‍മാരേക്കാള്‍ പിന്നിലാണ് സ്ത്രീകള്‍. ഇതിന്റെ പ്രാഥമിക കാരണം വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളിലെ അവസരങ്ങളുടെ അഭാവമാണ്. വലിയ പുരോഗതി കൈവരിച്ച ഒരു രാജ്യത്ത് ഇത്തരത്തിലുള്ള പോരായ്മകള്‍ ദശലക്ഷക്കണക്കിന് ആളുകളെ പിന്നോട്ടടിക്കുന്നുവെന്നും പിക്കപ് പറയുന്നു.
അസമത്വവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികളെന്നും അവര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കുടിയേറ്റത്തിനും കുടിയൊഴിയലുകള്‍ക്കും കാരണമാകുമെന്നും ഇത് ജീവിതങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന സ്ഥിതിവിശേഷവും ആശങ്കയുണ്ടാക്കുന്നതാണ്. മനുഷ്യ ഇടപെടല്‍ കാരണം സ്വാഭാവിക ഉല്‍പ്പാദനക്ഷമത കുറഞ്ഞ ഭൂമിയില്‍ ജീവിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ജനസഞ്ചയങ്ങളില്‍ ഒന്നാണ് ഇന്ത്യ.