*പേരുകൾ ജുഡീഷ്യൽ കമ്മീഷനു മുന്നിൽ വെളിപ്പെടുത്തും
തൃശൂർ- ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നിൽ സജീവ രാഷ്ട്രീയത്തിലുള്ള അഞ്ചു പേരുണ്ടെന്ന് കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ. ജുഡീഷ്യൽ കമ്മീഷൻ തെളിവെടുപ്പിനായി തന്നെ വിളിച്ചാൽ ഇവരുടെ പേരുകൾ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തുമെന്നും പത്മജ തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കരുണാകരനെ ലക്ഷ്യമിട്ട് നമ്പി നാരായണനെ കരുവാക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ ചിലരുടെ കയ്യിലെ ചട്ടുകമാവുകയായിരുന്നുവെന്നും പത്മജ പറഞ്ഞു. നമ്പി നാരായണന് അനുകൂല വിധി വന്നതിൽ സന്തോഷമുണ്ട്. സത്യം പുറത്തുവരുമെന്ന് തന്റെ അഛൻ പ്രതീക്ഷിച്ചിരുന്നു. ഇത് ചെറിയ തുടക്കം മാത്രമാണ്. ഇതിന്റെ പിന്നിലെ രാഷ്ട്രീയ നീക്കങ്ങൾ പുറത്തുവരണം. ഇപ്പോൾ സുരക്ഷിതമെന്ന് കരുതിയിരിക്കുന്ന പലരും അന്വേഷണത്തിൽ പുറത്തുവരും. കരുണാകരനെതിരെയുള്ള കരുനീക്കങ്ങളും ഗ്രൂപ്പിന്റെ പേരിലുള്ള പ്രതികാരങ്ങളും രാജൻ കേസ് മുതൽ തന്നെ തുടങ്ങിയതാണെന്നും പത്മജ ചൂണ്ടിക്കാട്ടി.
ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു കെ. കരുണാകരൻ. അദ്ദേഹം വിശ്വസിച്ച് കൂടെ നിർത്തിയവരെല്ലാം ഈ ഗൂഢാലോചനയുടെ കൂടെ കൂടി. അതിന് മുകളിൽ നിന്നുള്ള സപ്പോർട്ടും ഉണ്ടായിരുന്നു. സ്വന്തം ഗ്രൂപ്പിലുള്ളവരും അതിന് കൂട്ടുനിന്നു.
ഇപ്പോൾ പറയുന്ന അഞ്ച് നേതാക്കൾ കോൺഗ്രസുകാരണോ എന്ന് ചോദിച്ചപ്പോൾ അതൊന്നും പറയില്ലെന്നായിരുന്നു പത്മജയുടെ പ്രതികരണം. ഉമ്മൻചാണ്ടിക്ക് പങ്കുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉമ്മൻചാണ്ടിയുടെ പേരു ഞാൻ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മറുപടി.
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ് ഞാൻ. അതിനാൽ പരസ്യമായി ഒന്നും വിളിച്ചുപറയില്ല. ജുഡീഷ്യറിക്ക് മുന്നിൽ സത്യങ്ങൾ വെളിപ്പെടുത്തുന്നത് എന്റെ അച്ഛന് നീതി കിട്ടാനാണ്. ഇത് മൂന്ന് ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങിനിൽക്കില്ല. അതുകൊണ്ടുതന്നെ ജുഡീഷ്യൽ അന്വേഷണം എന്റെ അടുത്തുമെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അമ്മ മരിച്ച സമയത്ത് അച്ഛൻ മാനസികമായി ആകെ തളർന്നിരിക്കുകയായിരുന്നു. രാഷ്ട്രീയം തന്നെ വേണ്ടെന്നു വെച്ചാലോ എന്ന് ചിന്തിച്ചിരുന്ന സമയമായിരുന്നു അത്. അപ്പോഴായിരുന്നു അച്ഛന് ആ അടി കിട്ടിയത്. അതുകൊണ്ടുതന്നെ അച്ഛൻ മനപ്പൂർവം ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു. മാനസികമായി ധൈര്യമുള്ള സമയത്തായിരുന്നു ഇതെല്ലാം സംഭവിച്ചതെങ്കിൽ അച്ഛൻ തളരില്ലായിരുന്നു.
നമ്പി നാരായണന് ലഭിക്കുന്ന നീതി തന്റെ പിതാവിന് കൂടി ലഭിക്കുന്ന നീതിയാണെന്ന് അവർ പറഞ്ഞു.
കരുണാകരനെ മരണം വരെ വേദനിപ്പിച്ച കേസായിരുന്നു ഐ.എസ്.ആർ.ഒ ചാരക്കേസ്. ഈ കേസിൽ
നീതി കിട്ടാത്തത് കരുണാകരന് മാത്രമാണ്. അതെല്ലാം പറയാൻ ഒരു അവസരം കിട്ടിയാൽ അച്ഛനോട് നീതികാട്ടിയെന്ന മനസ്സമാധാനത്തോടെ എനിക്കുറങ്ങാം -പത്മജ പറഞ്ഞു.