ന്യൂദല്‍ഹി- ഇംഗ്ലീഷ് ഭാഷ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോയ ഒരു രോഗമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച സംഘടിപ്പിച്ച വാര്‍ഷിക ഹിന്ദി ഭാഷാ ദിനാചരണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്നും ഹിന്ദി ഭാഷയെ കുടാതെ പുരോഗതി കൈവരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പകാലത്ത് താനും ഹിന്ദി വിരുദ്ധ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഹിന്ദി ഇല്ലാതെ പുരോഗതി ഉണ്ടാവില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടു. ദല്‍ഹിയിലെത്തിയപ്പോള്‍ മുറഞ്ഞ ഹിന്ദിയിലായിരുന്നു സംസാരമെങ്കിലും അത് എല്ലാവരും അംഗീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ചടങ്ങില്‍ പങ്കെടുത്തു. ഹിന്ദി സംസാരിക്കുന്നവര്‍ ഒരു ദക്ഷിണേന്ത്യന്‍ ഭാഷയും ദക്ഷിണേന്ത്യക്കാര്‍ ഒരു ഉത്തരേന്ത്യന്‍ ഭാഷയും പഠിക്കണമെന്ന് മോഡി നിര്‍ദേശിച്ചു. ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മാതൃഭാഷയാണ് സംസാരിച്ചത്. ഇംഗ്ലീഷില്‍ പി.എച്.ഡിയുള്ള ഇറാന്‍ പ്രസിഡന്റ് വന്നപ്പോഴും അദ്ദേഹത്തിന്റെ മാതൃഭാഷയിലാണ് സംസാരിച്ചത്. മാതൃഭാഷയെ ഒരിക്കലും മറക്കരുതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.