Sorry, you need to enable JavaScript to visit this website.

അധികൃതര്‍ക്ക് അബദ്ധം ബോധ്യപ്പെട്ടു; ഗുഡ്ഗാവില്‍ ഹിന്ദുത്വര്‍ പൂട്ടിച്ച പള്ളി തുറക്കും

പൂട്ടിച്ച പള്ളിക്കു മുമ്പില്‍ ന്ടന്ന കുത്തിയിരിപ്പു സമരം

ഗുഡ്ഗാവ്- ഇന്ത്യന്‍ വ്യോമ സേനയുടെ ആയുധ ഡിപ്പോ സമീപത്തുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഗുഡ്ഗാവിലെ ശീതള മാതാ കോളനിയില്‍ രണ്ടു ദിവസം മുമ്പ് അധികൃര്‍ പൂട്ടി സീല്‍ ചെയ്ത പള്ളി അധികൃതര്‍ തന്നെ തുറന്നു നല്‍കും. പ്രദേശത്തേയും പുറത്തു നിന്നെത്തിയവരുമായ ഹിന്ദുത്വ തീവ്രവാദികള്‍ ഏതാനും ദിവസങ്ങളായി പള്ളിക്കെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നു. പള്ളിയില്‍ നിന്നുള്ള ബാങ്കുവിളി ശബ്ദത്തെ ചൊല്ലിയാണ് ഹിന്ദുത്വര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. തുടര്‍ന്ന് പ്രാദേശിക അധികാരികളുടെ നിര്‍ദേശം മാനിച്ച് ബാങ്കു വിളി ശബ്ദം കുറച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം നമസ്‌ക്കാരം തടയുമെന്നും പള്ളിപൂട്ടിക്കുമെന്നും ഭീഷണി മുഴക്കി ഹിന്ദുത്വ സംഘടനകള്‍ പ്രദേശത്ത് പ്രകടനം നടത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു ദിവസം മുമ്പ് അധികൃതര്‍ പള്ളി പൂട്ടി സീല്‍ വച്ചത്. 

പള്ളിയുടെ 300 മീറ്റര്‍ അടുത്ത് ഇന്ത്യന്‍ വ്യോമ സേനയുടെ ആയുധ ഡിപോ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതര്‍ പള്ളി പൂട്ടിയത്. എന്നാല്‍ പള്ളി പൂട്ടിയതിനെ ജനങ്ങള്‍ രംഗത്തു വരികയായിരുന്നു. 'കെട്ടിടം സീല്‍ വച്ചതിനെതിരെ എതിര്‍ത്ത് ജനങ്ങള്‍ സമീപിച്ചാല്‍ അതു തുറന്നു കൊടുക്കണമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പള്ളി തുറന്നു കൊടുക്കുന്നതിനുള്ള ഉത്തരവിറക്കും,' ഡിവിഷണല്‍ കമ്മീഷണര്‍ ഡി സുരേഷ് അറിയിച്ചു. മുസ്ലിം ഏകതാ മഞ്ച്, ഗുഡ്ഗാവ് നാഗരിക് ഏകതാ മഞ്ച് എന്നീ സംഘടനകളുമായി ഡിവിഷണല്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയിലാണ് പള്ളി തുറന്നു കൊടുക്കാന്‍ തീരുമാനമായത്.

പള്ളി പൂട്ടിയതിനെ തുടര്‍ന്ന് പ്രദേശത്തെ മുസ്ലിംകള്‍ ബുധനാഴ്ച മുതല്‍ പ്രതിഷേധവുമായി പള്ളിക്കു മുമ്പില്‍ കുത്തിയിരിപ്പു സമരത്തിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ പോലീസെത്തി ഇവരെ തുരത്തിയോടിച്ചു. ഇന്ന് ഇവിടെ ജുമുഅ നടന്നില്ല. 

പള്ളി പൂട്ടിയത് വിവേചനപരമായ നടപടിയാണെന്നും പ്രദേശത്ത് മറ്റു കെട്ടിടങ്ങള്‍ ഉണ്ടായിരിക്കെ അവയ്‌ക്കെതിരെ നടപടി എടുക്കാതെ പള്ളി മാത്രം തെരഞ്ഞെടുത്ത് പൂട്ടിച്ചത് അംഗീകരിക്കാനാവില്ലെന്നും ഡിവിഷണല്‍ കമ്മീഷണറെ കണ്ട് ബോധിപ്പിച്ചതായി ഗുഡ്ഗാവ് നാഗരിക് ഏകതാ മഞ്ച് അംഗവും സിനിമാ പ്രവര്‍ത്തകനുമായ രാഹുല്‍ റോയ് പറഞ്ഞു. 

വ്യോമസേനയുടെ ആയുധ ഡിപോയുടെ 300 മീറ്റര്‍ പരിധിക്കുള്ളില്‍  കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടയണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാല്‍ പള്ളിയുടെ കെട്ടിടം പുതിയതല്ല. പള്ളിയുടെ കെട്ടിം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടമാണെന്നും പുതുതാണെന്നും ഹിന്ദുത്വ തീവ്രവാദികള്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നേരത്ത പണി പൂര്‍ത്തിയായ കെട്ടിടത്തിലാണ് പള്ളി. മാത്രവുമല്ല സമീപത്ത് മറ്റു നിരവധി കെട്ടിടങ്ങളും ഉണ്ട്.

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടമാണിതെന്നും ഇവിടെ ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് നമസ്‌ക്കാരം തുടങ്ങിയതെന്നും അധികാരികളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും ഡിവിഷണല്‍ കമ്മീഷണര്‍ക്ക് ഞങ്ങള്‍ നേരിട്ടു സമര്‍പ്പിച്ചിട്ടുണ്ടെന്ന് മുസ്ലിം ഏകതാ മഞ്ച് ചെയര്‍മാന്‍ ഹാജി ഷഹ്‌സാദ് ഖാന്‍ പറഞ്ഞു.
 

Latest News