Sorry, you need to enable JavaScript to visit this website.

കുഞ്ഞിന്റെ ചികിത്സ ചോദ്യം ചെയ്തു; യുഎസില്‍ ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍

ചെന്നൈ- അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചെലവേറിയ പരിശോധനകള്‍ക്ക് വിധേയയാക്കുന്നത് ചോദ്യം ചെയ്ത ഇന്ത്യക്കാരായ മാതാപിതാക്കളെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ പ്രകാശ് സെട്ടു, മാല പനീര്‍ശെല്‍വം എന്നിവരാണ് തങ്ങളുടെ നവജാത ശിശുവിനു സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ആറു മാസം പ്രായമുള്ള ഹിമിഷ എന്ന മകളെ ഇടതു കൈ വീക്കത്തെ തുടര്‍ന്നാണ് ദമ്പതികള്‍ ഒരാഴ്ച മുമ്പ് ഫ്‌ളോറിഡയിലെ ബ്രൊവാഡ് കൗണ്ടിയിലെ ആശുപത്രിയില്‍ കാണിച്ചത്. ഇവിടെ ചെലവേറിയ പലവിധ പരിശോധനകള്‍ക്ക് കുഞ്ഞിനെ വിധേയയാക്കിയപ്പോഴാണ് മാതാപിതാക്കള്‍ ചോദ്യം ചെയ്തത്. ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് കുഞ്ഞിനെ ആശുപത്രിയില്‍ നിന്നു മാറ്റാനും ഇവര്‍ ശ്രമിച്ചു. ഇതോടെ കുഞ്ഞിനു വേണ്ടത്ര സംരക്ഷണം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ അധികൃതരെത്തി അസുഖബാധിതയായ കുഞ്ഞിനൊപ്പം ആറുമാസം പ്രായമുള്ള ഇരട്ട സഹോദരനേയും മാതാപിതാക്കളില്‍ നിന്ന് പിടിച്ചെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തി, കുഞ്ഞിനെ ഉപദ്രവിച്ചു എന്നീ കുറ്റങ്ങളാണ് ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. ഇരുവരേയും ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ അടച്ചിരുന്നെങ്കിലും വ്യാഴാഴ്ച ജാമ്യം നല്‍കി വിട്ടയച്ചു. ജാമ്യത്തിന് രണ്ടു ലക്ഷം ഡോളറിന്റെ ഈട് നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഈ തുക പിന്നീട് 30,000 ഡോളറാക്കി കുറച്ചു നല്‍കി. 

ദമ്പതികള്‍ക്കെതിരായ കേസിനെതിരെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തു വന്നിരിക്കുകയാണിപ്പോള്‍. ദമ്പതികള്‍ക്കെതിരെ തെറ്റിദ്ധാരണ മൂലമാണ് യുഎസ് അധികൃതര്‍ നടപടി എടുത്തതെന്നും കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ അവര്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും ഇന്ത്യയിലുള്ള അവരുടെ കുടുംബം പറയുന്നു. യുഎസില്‍ നിയമ പോരാട്ടം നടത്തുന്നതിന് ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ധനശേഖരണം തുടങ്ങിയിട്ടുണ്ട്.

ദമ്പതികളുടെ ഇന്‍ഷൂറന്‍സ് പോളിസിയില്‍ മക്കളുടെ ചികിത്സാ ചെലവ് ഉള്‍പ്പെടുന്നില്ല. ഇതുകാരണമാണ് ആശുപത്രി അധികൃതരോട് ചികിത്സയുടെ ഓരോ ഘട്ടത്തിലും ചെലവുകളെ കുറിച്ച് ദമ്പതികള്‍ അന്വേഷിച്ചത്. അവര്‍ക്ക്  താങ്ങാവുന്നതിലും അധികമായിരുന്നു ചെലവുകള്‍. ഇത് കുഞ്ഞുങ്ങളെ വേണ്ടത്ര സംരക്ഷിക്കുന്നില്ല എന്ന് തെറ്റായി യുഎസ് അധികൃതര്‍ മനസ്സിലാക്കുകയായിരുന്നുവെന്നും ദമ്പതികളുടെ ഒരു സുഹൃത്ത് പറയുന്നു. ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ തിരികെ ലഭിക്കാന്‍ ബന്ധുക്കള്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ സഹായവും തേടിയിട്ടുണ്ട്. യുഎസില്‍ ബാലസംരക്ഷണ നിയമങ്ങള്‍ കര്‍ശനമായതാണ് ദമ്പതികള്‍ക്ക് കുരുക്കായത്.
 

Latest News