സഹാറന്‍പൂര്‍- ഉത്തര്‍ പ്രദേശില്‍ പുതിയ യുവ ദളിത് മുന്നേറ്റത്തിന് നാന്ദികുറിച്ച ഭീം ആര്‍മി എന്ന സംഘടനയുടെ സ്ഥാപകന്‍ 31കാരന്‍ ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിച്ചു. ജാതി പോരാട്ടങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് ഒരു വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്ത ആസാദിനെ വെള്ളിയാഴ്ച പുലര്‍ച്ചെ 2.40ഓടെയാണ് മോചിപ്പിച്ചത്. തടവ് രണ്ടു മാസം ബാക്കി നില്‍ക്കെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നേരത്തെ മോചിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദിന്റെ മോചനം ആവശ്യപ്പെട്ട് നിരവധി ദളിത് സംഘടനകള്‍ രാജ്യത്ത് പലയിടത്തും പേരാട്ടം നടത്തി വരികയായിരുന്നു. തനിക്ക് വലിയ രാഷ്ട്രീയ പദ്ധതികളുണ്ടെന്നാണ് ജയിലില്‍ നിന്നിറങ്ങിയ ഉടന്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പൊതു തെരഞ്ഞെടുപ്പിനു മാസങ്ങള്‍ ബാക്കി നില്‍ക്കെ ഭീം ആര്‍മിയുടെ രാഷ്ട്രീയ പദ്ധതികളിലായിരിക്കും ശ്രദ്ധയെന്നും അദ്ദേഹം സൂചിപ്പിച്ചു.
'അടുത്ത 50 വര്‍ഷം ഭരണത്തില്‍ തുടരുമെന്ന് പറയുന്നവരെ 2019ല്‍ അധികാരത്തില്‍ നിന്നും പുറത്തെറിയും. ഞാന്‍ പറയുന്നത് ഓര്‍മ്മിച്ചു വച്ചോളൂ,' അദ്ദേഹം പറഞ്ഞു. ബഹുജന്‍ വിഭാഗങ്ങളെ കുറിച്ച് സംസാരിക്കുന്നവരും മേല്‍ജാതി മേല്‍ക്കോയ്മക്കെതിരെ പൊരുതുന്നവരും തങ്ങളുടെ സഖ്യം മുറിയില്ലെന്നു ഉറപ്പുവരുത്തണം. ഐക്യത്തോടെയാണ് പൊരുതേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ യുപിയിലെ സഹാറന്‍പൂരിലുണ്ടായ ജാതി സംഘര്‍ഷത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത് ഒരു മാസം നീണ്ട തിരച്ചിലിനു ശേഷമാണ് ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആസാദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 12,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഫോണ്‍ വിളി ട്രാക്ക് ചെയ്ത് ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിയില്‍ നിന്ന് പോലീസ് ആസാദിനെ പിടികൂടുകയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് ആസാദ് ഭീം ആര്‍മി എന്ന ദളിത് യുവജന സംഘടന രൂപീകരിച്ചത്. ഈ സംഘടനയ്ക്ക് പട്ടിക ജാതി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാനായി. ദളിത് അവകാശ, ശാക്തീകരണ പോരാട്ടങ്ങളില്‍ ഈ സംഘടനയുടെ ഇടപെടല്‍ ശക്തമാണ്. മുന്നൂറോളം സ്‌കൂളുകള്‍ ഭീം ആര്‍മി നടത്തി വരുന്നുണ്ട്. മയാവതിയുടെ ബി.എസ്.പിയോട് അതൃപ്തിയുള്ള ദളിതരെ ആകര്‍ഷിക്കാനും ഭീം ആര്‍മിക്ക് കഴിഞ്ഞു. നവംബറില്‍ ജയില്‍ മോചിതനാകാനിരുന്ന ആസാദിനെ രണ്ടു മാസം മുമ്പ് ഇപ്പോള്‍ മോചിപ്പിച്ചതിനു പിന്നില്‍ ബി.ജെ.പി സര്‍ക്കാരിന്റെ രാഷട്രീയ നീക്കമാണെന്നും വിലയിരുത്തലുണ്ട്.
ദളിത് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി മായാവതിയുടെ ബി.എസ്.പിക്കു പടിഞ്ഞാറന്‍ യുപിയിലുള്ള സ്വാധീനത്തെ ചെറുക്കാന്‍ ആസാദിനെ ഉപയോഗപ്പെടുത്താമെന്ന തന്ത്രമാണ് ഈ മോചനത്തിന്റെ പിന്നിലെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു. ഈ മേഖലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നാണം കെട്ട തോല്‍വി ഏറ്റു വാങ്ങിയിരുന്നു. ഈ സമയത്ത് ആസാദിനെ മോചിപ്പിച്ചാല്‍ ദളിതര്‍ക്കിടയില്‍ അദ്ദേഹത്തിന് നല്ല ഇടം ലഭിക്കും. ബി.എസ്.പിയുമായോ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായോ സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് ഒരു സൂചനയും ആസാദ് ഇതുവരെ നല്‍കിയിട്ടില്ല. ഭീം ആര്‍മിക്കെതിരെ മായാവതി പലപ്പോഴും രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ഭീം ആര്‍മി ബി.എസ്.പിയെ പ്രതിരോധിക്കാന്‍ ബി.ജെ.പിയുടെ സൃഷ്ടിച്ചതാണെന്നും മായാവതി ആരോപിച്ചിരുന്നു.