ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ കരിമ്പു കര്‍ഷകര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ദിവസം മുമ്പ് നല്‍കിയ ഒരു ഉപദേശത്തെ ചൊല്ലി പുതിയ വിവാദം. കര്‍ഷകര്‍ക്ക് കൊടുത്തു വീട്ടാനുള്ള പതിനായിരത്തോളം കോടി രൂപയുടെ കാര്യം പരിഹാരമാകാതെ നിലനില്‍ക്കുമ്പോഴാണ് കരിമ്പു കൃഷി നിര്‍ത്തി പച്ചക്കറി കൃഷിയിലേക്കുമാറാന്‍ കരിമ്പു കര്‍ഷകരോട് മുഖ്യമന്ത്രി ഉപദേശിച്ചത്. കരിമ്പു കൃഷി ചെയ്യുന്നത് നിര്‍ത്തൂ, ഇത് പ്രമേഹമുണ്ടാക്കുമെന്നായിരുന്നു യോഗി രണ്ടു ദിവസം മുമ്പ് ബഗപത് ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. കരിമ്പു വിളവെടുപ്പു സീസണ്‍ തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണിത്.
'നിങ്ങല്‍ കൂടുതല്‍ കരിമ്പ് ഉല്‍പ്പാദിപ്പിക്കുന്നത് മൂലം ആളുകള്‍ക്ക് ശുഗര്‍ പിടിപെടുകയാണ്. ഇതിലെറെ ലാഭം പച്ചക്കറി കൃഷി ചെയ്താല്‍ ലഭിക്കും,' യോഗി പറഞ്ഞു. ഈ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നു. കര്‍ഷകരുടെ ബാധ്യത തീര്‍ക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. കരിമ്പു കര്‍ഷകരോട് പച്ചക്കറി കൃഷിക്കിറങ്ങാന്‍ പറയുന്നതിനു പകരം സമൂഹത്തില്‍ വെറുപ്പും സംഘര്‍ഷവും പടര്‍ത്തുന്നതില്‍ നിന്നും തന്റെ അനുയായികളോട് വിട്ടു നില്‍ക്കാന്‍ മുഖ്യമന്ത്രി ഉപദേശിക്കുകയാണ് ചെയ്യേണ്ടതെന്ന് എസ്.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പ്രതികരിച്ചു.
പടിഞ്ഞാറന്‍ യുപിയില്‍ കരിമ്പു കര്‍ഷകരില്‍ നിന്ന് യുപിയിലെ ബി.ജെ.പി സര്‍ക്കാരിന് വലിയ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ മേഖലയില്‍ ഉള്‍പ്പെടുന്ന കൈരാന ലോക്‌സഭാ, നൂര്‍പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് നാണം കെട്ട നേതാല്‍വിയാണുണ്ടായത്. കരിമ്പു കര്‍ഷകര്‍ക്ക് അവകാശപ്പെട്ട കോടിക്കണക്കിനു രൂപ വിതരണം ചെയ്യുന്നതില്‍ പരാജയപ്പെട്ടതാണ് സര്‍ക്കാരിനെ ഇവിടെ തിരിച്ചടിയായതെന്നും വിലയിരുത്തപ്പെട്ടിരുന്നു. രാജ്യത്തെ മൊത്തം പഞ്ചസാര ഉല്‍പ്പാദനത്തിന്റെ 38 ശതമാനവും യുപിയില്‍ നിന്നാണ്. 2017-18 വര്‍ഷം 27 ദശലക്ഷം ടണ്‍ പഞ്ചസാരയാണ് യുപിയില്‍ ഉല്‍പ്പാദിപ്പിച്ചത്.