ന്യുദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിനൊപ്പം തെറിവാക്ക് ചേര്‍ത്തെഴുതി വാര്‍ത്ത വിതരണം ചെയ്ത മുന്‍നിര വാര്‍ത്താ ഏജന്‍സിയായ ഇന്തോ ഏഷ്യന്‍ ന്യൂസ് സര്‍വീസ്(ഐ.എ.എന്‍.എസ്) വെട്ടിലായി. അബദ്ധം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വാര്‍ത്ത പിന്‍വലിച്ച ഏജന്‍സി വാര്‍ത്ത എഴുതിയ ലേഖകനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ഷകര്‍ക്കു വേണ്ടിയുള്ള വിവിധ പദ്ധതികള്‍ക്ക് മോഡി സര്‍ക്കാര്‍ അനുമതി നല്‍കിയതു സംബന്ധിച്ച റിപോര്‍ട്ടിലാണ് മോഡിയുടെ പേരിനൊപ്പം ഉത്തരേന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു തെറിവാക്ക് ചേര്‍ത്തെഴുതിയത്. 'പ്രധാനമന്ത്രി നരേന്ദ്ര ബക്*****ദ് മോഡി അധ്യക്ഷനായ മന്ത്രിസഭാ യോഗം അനുമതി നല്‍കി...' എന്നായിരുന്നു ലേഖകന്‍ ഉപയോഗിച്ച വരി.
ഇതു കണ്ടെത്തിയതിനെ തുടര്‍ന്ന് വാര്‍ത്ത ഉടന്‍ തന്നെ ഐ.എ.എന്‍.എസ് വെബ്‌സൈറ്റില്‍ നിന്നും ഇതു നീക്കം ചെയ്തു. ഈ വാര്‍ത്ത എടുത്ത വരിക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഐ.എ.എന്‍.എസ് ഖേദം രേഖപ്പെടുത്തി. തങ്ങളുടെ റിപോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ പേരിനൊപ്പം വളരെ മോശപ്പെട്ട തെറിവാക്ക് എഴുതിച്ചേര്‍ക്കപ്പെട്ടതില്‍ അതിയായ ഖേദമുണ്ടെന്ന് ഐ.എ.എന്‍.എസ് മാനേജിങ് എഡിറ്റര്‍ ഹര്‍ദേവ് സന്തോറ പറഞ്ഞു. ഇതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ റിപോര്‍ട്ട് തിരുത്തി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ തെറ്റിന് പ്രധാനമന്ത്രിയോടും വായനക്കാരോടും വരിക്കാരായ മാധ്യമ സ്ഥാപനങ്ങളോടും വാര്‍ത്താ ഏജന്‍സി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.
ഇത് എഴുതിയ ലേഖകനെ ഏജന്‍സി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ബന്ധപ്പെട്ട എഡിറ്ററില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. സംഭവം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ഉത്തരവാദിയായ മാധ്യമ പ്രവര്‍ത്തകനെതിരെ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് പരിശോധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.