തബൂക്ക്- സുഹൈര്‍ അമീന്‍ ഫത്താനി തേനീച്ചകളുടെ സ്വന്തം തോഴനാണ്. തേനീച്ചകളെ ആകര്‍ഷിക്കാനും ശരീരത്തില്‍ കുടിയിരുത്താനുമുള്ള പ്രത്യേക കഴിവുണ്ട് സുഹൈറിന്. ഈ കഴിവുപയോഗിച്ച് ഒരു ലോക റെക്കോര്‍ഡിട്ടാലോ എന്ന മോഹമാണ് അദ്ദേഹത്തെ ഒരു ഗിന്നസ് ശ്രമത്തിനു പ്രേരിപ്പിച്ചത്. നിലവില്‍ 63.7 കിലോഗ്രാം തൂക്കത്തില്‍ തേനീച്ചകളെ ശരീരത്തില്‍ കുടിയിരുത്തിയതാണ് ലോക റെക്കോര്‍ഡ്. ഇതു തകര്‍ക്കാനായിരുന്നു സുഹൈറിന്റെ ശ്രമം. ഒരു മണിക്കൂര്‍ 20 മിനിറ്റ് നേരം നീണ്ട ശ്രമത്തിനിടെ സുഹൈര്‍ 49 കിലോ, അതായത് 3.43 ലക്ഷത്തോളം തേനീച്ചകളെ ശരീരത്തിലേക്ക് ആകര്‍ഷിച്ചെങ്കിലും ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ശ്രമം പൂര്‍ത്തിയാക്കാനായില്ല. തബുക്കിലായിരുന്നു സുഹൈറിന്റെ ലോക റെക്കോര്‍ഡ് ശ്രമം. ആദ്യ തവണ പൂര്‍ത്തിയാക്കാനായില്ലെങ്കിലും പുതിയ റെക്കോര്‍ഡിഡുമെന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം. പിന്മാറില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
തബൂക്കിലെ ഒരു പ്രദേശത്തു നിന്നാണ് തേനീച്ചകളെ ശേഖരിച്ചത്. ഗിന്നസ് അധികൃതരെ അറിയിച്ച് പരീക്ഷണം തുടങ്ങിയെങ്കിലും ചിത്രീകരണം പുരോഗമിക്കുന്നതിനിടെ അസുഖം കാരണം മുഴുമിപ്പിക്കാനായില്ല. പരീക്ഷണം മാറ്റിവച്ചു- അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് തേനീച്ചകളെ ശരീരത്തിലിരുത്തുന്നത് പ്രയാസമേറിയ കാര്യമാണ്. തേനിച്ചകളുടെ കുത്തേല്‍ക്കേണ്ടി വരും. നൂറുകണക്കിന് കുത്താണ് പരീക്ഷണത്തിനിടെ തനിക്കേറ്റതെന്ന് സുഹൈര്‍ പറയുന്നു. എന്നാല്‍ എത്ര കുത്തേറ്റാലും അതു താങ്ങാനുള്ള ശേഷി തന്റെ ശീരരത്തിനുണ്ടെന്നാണ് തേനീച്ച വളര്‍ത്തുകാരന്‍ കൂടിയായ സുഹൈര്‍ പറയുന്നത്.
100 കിലോ തേനീച്ചകളെ ശരീരത്തില്‍ വഹിച്ച് പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. തേനീച്ചകളുടെ സ്പര്‍ശനം അത്രമേല്‍ തനിക്ക് ഇഷ്മാണെന്നും അദ്ദേഹം പറഞ്ഞു. 1,500 കൂടുകളായി നാടന്‍ തേനീച്ചകളെ സുഹൈര്‍ വളര്‍ത്തുന്നുണ്ട്. തബൂക്ക് മേഖലയില്‍ നിന്നാണ് വിവിധയിനം നാടന്‍ തേനീച്ചകളെ ശേഖരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഗിന്നസ് റെക്കോര്‍ഡ് ശ്രമം വീണ്ടും നടത്തും. തബൂക്കില്‍ അനുയേജ്യമായ സഹാചര്യമുണ്ട്. ഇത്തവണ പ്രതികൂലമായി ബാധിച്ചത് ഉയര്‍ന്ന താപനിലയാണ്. ചൂട് കാരണം റാണി തന്റെ ശരീരത്തിലിരിക്കാതെ പാറിപ്പോയി. ഇതോടെ മറ്റു തേനീച്ചകളും പോയെന്നും അദ്ദേഹം പറഞ്ഞു.