ന്യുദല്‍ഹി- പിടികിട്ടാപ്പുള്ളി ബാങ്കുതട്ടിപ്പു വീരന്‍ മദ്യവ്യവസായി വിജയ് മല്യ ഇന്ത്യ വിടുന്നതിന് രണ്ടു ദിവസം മുമ്പ് പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തുന്നത് കോണ്‍ഗ്രസ് നേതാവ് കണ്ടിട്ടുണ്ടെന്നും ജെയ്റ്റിലിയുടെ വിശദീകരണം കള്ളമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'അരുണ്‍ ജയ്റ്റ്‌ലി പറയുന്നത് കള്ളമാണ്. അദ്ദേഹം മല്യയുടമായി കൂടിക്കാഴ്ച നടത്തുന്നതിന് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ ദൃക്‌സാക്ഷിയായിട്ടുണ്ട്. 15-20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയായിരുന്നു. മന്ത്രി പറയുന്നത് പോലെ ഇടനാഴിയില്‍ വച്ച് കണ്ടുമുട്ടുകയായിരുന്നില്ല,' രാഹുല്‍ പറഞ്ഞു. ഒരു ക്രിമിനലുമായി എന്തിനു രഹസ്യധാരണ ഉണ്ടാക്കിയെന്നും കൂടിക്കാഴ്ച നടത്തിയെന്നും ധനമന്ത്രി രാജ്യത്തോട് വിശദീകരിക്കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു. ഇരുവരും എന്താണു ചര്‍ച്ച ചെയ്തതെന്നും വിശദീകരിക്കേണ്ടി വരും.
2016 മാര്‍ച്ചിലാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ച് ജെയ്റ്റ്‌ലിയും മല്യയും കൂടിക്കാഴ്ച നടത്തിയതെന്ന് പുനിയ പറഞ്ഞു. ഹാളിന്റെ ഒരു മൂലയില്‍ ജെയ്റ്റിലിയും മല്യയും നിന്ന് സംസാരിക്കുന്നതാണ് ആദ്യം കണ്ടത്. 5-7 മിനിറ്റിനു ശേഷം ഇരുവരും ബെഞ്ചില്‍ ഇരുന്ന് സംസാരിച്ചു. മല്യ ആദ്യമായി പാര്‍ലമെന്റിലെത്തിയതായിരുന്നു. അത് ജെയ്റ്റ്‌ലിയെ കാണാന്‍ മാത്രമായിരുന്നു. ഞാന്‍ പറയുന്നതില്‍ വാസ്തവമില്ലെങ്കില്‍ അത് പാര്‍ലമെന്റിലെ സിസിടിവ പരിശോധിച്ച് ഉറപ്പുവരുത്താമെന്നും പുനിയ വെല്ലുവിലിച്ചു. ഇതു തെറ്റെന്ന് തെളിയിക്കപ്പെട്ടാന്‍ താന്‍ രാജിവയ്ക്കുമെന്നും പുനിയ പ്രഖ്യാപിച്ചു.
വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയുടെ വായ്പ എടുത്ത് തിരിച്ചടവു തെറ്റിച്ചു കഴിയുകായയിരുന്ന മല്യയില്‍ നിന്നും സ്വത്തുകള്‍ കണ്ടുകെട്ടാന്‍ വിവിധ ഏജന്‍സികള്‍ ശ്രമം നടത്തുന്നതിനിടെയാണ് മല്യ കണ്ണുവെട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയത്. ഇപ്പോള്‍ ബ്രിട്ടനില്‍ നിന്നും മല്യയെ വിട്ടുകിട്ടാന്‍ കോടതി കയറിയിരിക്കുകയാണ് ഇന്ത്യ. രാജ്യം വിടുന്നതിനു മുമ്പ് മല്യയ്‌ക്കെതിരെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതു നിലനില്‍ക്കെ മല്യയ്ക്ക് എങ്ങനെ അധികൃതരുടെ കണ്ണു വെട്ടിക്കാന്‍ കഴിഞ്ഞുവെന്ന സംശയം ബി.ജെ.പി നേതാക്കള്‍ പോലും ഉന്നയിക്കുന്നുണ്ട്. ധനമന്ത്രാലയത്തിന്റെ ഇടപെടലാണ് രാജ്യം വിടാന്‍ മല്യയ്ക്ക് വഴിയൊരുക്കിയതെന്ന ആരോപണം പുതിയ പശ്ചാത്തലത്തില്‍ വീണ്ടും ശക്തമായിരിക്കുകയാണ്.