എം.പിമാര്‍ക്ക് ലൈംഗിക പീഡനം; ഇരകളില്‍ കൂടുതല്‍ പുരുഷന്മാര്‍

 
ഹെല്‍സിങ്കി- ഫിന്‍ലാന്‍ഡില്‍ നിലവിലുള്ള  200 ജനപ്രതിനിധികളില്‍ 29 പേര്‍ പാര്‍ലമെന്റ് കെട്ടിടത്തില്‍ ലൈംഗിക പീഡനത്തിനിരയായി. ഇവരില്‍ 17 പേരും പുരുഷന്മാരാണെന്നതാണ് പാര്‍ലമെന്റ് അന്വേഷണ സമിതി കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരം. 12 വനിതാ എം.പിമാര്‍ മാത്രമാണ് പീഡനത്തിനിരയായത്.
കെട്ടിടത്തില്‍ എവിടെ വെച്ച്, ആര് പീഡിപ്പിച്ചുവെന്ന് അന്വേഷിക്കാതെയാണ് അന്വേഷണ സമതി റിസര്‍ച്ച് ഏജന്‍സിയുടെ സഹായത്തോടെ സര്‍വേ നടത്തിയത്. ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ കേട്ടുവെന്ന് 101 എം.പിമാര്‍ അറിയിച്ചു.
മുന്‍ സ്പീക്കര്‍ മരിയ ലൊഹേലയാണ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. പാര്‍ലമെന്റ് എം.പിമാരുടെ പ്രവര്‍ത്തന കേന്ദ്രമാണെന്നും ഇവിടെ അതിനു അനുയോജ്യമായ അന്തരീക്ഷം അനിവാര്യമാണെന്നും നിലവിലെ സ്പീക്കര്‍ പൗല റിസ്സിക്കോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലൈംഗിക പീഡനം അവസാനിപ്പിക്കാന്‍ പുതിയ നടപടികള്‍ സ്വീകരിച്ചതായും അവര്‍ വെളിപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിലൂടെ 72 ശതമാനം എം.പിമാര്‍ക്കും ഭീഷണി നേരിട്ടുവെന്നതാണ് സര്‍വേയില്‍ വെളിപ്പെട്ട മറ്റൊരു കാര്യം. സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസമില്ലാതെയാണ് സമൂഹമാധ്യമങ്ങളിലെ ഭീഷണിയെങ്കിലും ലൈംഗിക ചുവയുള്ള  ഭീഷണി ലഭിച്ചവരില്‍ വനിതകളാണ് മുന്നില്‍.
എം.പിമാര്‍ക്കിടയില്‍ ലിംഗവിവേചനമില്ലെന്ന് സര്‍വേ നടത്തിയ ഓക്‌സ്‌ഫോര്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്ന ജോര്‍ക്ക് പറഞ്ഞു.
വനിതാ എം.പിയെ കയ്യേറ്റം ചെയത് ചുംബിക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് 2017 അവസാനമാണ് ഫിന്നിഷ് പാര്‍ലമെന്റ് കെട്ടിടത്തിലെ ലൈംഗിക പീഡനം മാധ്യമ ശ്രദ്ധനേടിയത്. പ്രതിക്ക് പിന്നീട് പിഴ വിധിച്ചുവെങ്കിലും ഇയാള്‍ക്ക് ജയില്‍ ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപ്പീല്‍ പോയിരിക്കയാണ്.

Latest News