ന്യുദല്‍ഹി- ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി എത്തിയ തനിക്ക് താമസിച്ച ദല്‍ഹിയിലെ ഹോട്ടലിലും പുറത്തും ഉണ്ടായ മോശം അനുഭവങ്ങള്‍ തെളിവുകള്‍ സഹിതം പുറത്തു വിട്ട് അമേരിക്കന്‍ ട്രാവല്‍ ബ്ലോഗറായ ജോര്‍ഡന്‍ ടെയ്‌ലര്‍. വഴിയിലൂടെ നടന്നു പോകുന്നവര്‍ തൊട്ടു തോണ്ടിയും ശല്യപ്പെടുത്തിയെന്നും ഹോട്ടലിലെ ജീവനക്കാരില്‍ നിന്നു പോലും ദുരനുഭവങ്ങളുണ്ടായെന്നും വിശദീകരിക്കുന്ന 18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ടെയ്‌ലര്‍ തന്റെ ഏറെ ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലിലൂടെയാണ് പുറത്തു വിട്ടത്. ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്കിരിക്കെ ജീവനക്കാരില്‍ നിന്നുണ്ടായ അനുഭവവം വിഡിയോ സഹിതം ടെയ്‌ലര്‍ വിശദീകരിക്കുന്നുണ്ട്.
18 വയസ്സിനു താഴെ പ്രായമുള്ളവര്‍ കാണരുതെന്ന മുന്നറിയിപ്പോടെയാണ് ടെയ്‌ലറിന്റെ വ്‌ളോഗ് തുടങ്ങുന്നത്. ദല്‍ഹിയില്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് പറയുന്നതിനിടെ ഇടയ്ക്ക് ഇവര്‍ വിതുമ്പലിന്റെ വക്കിലെത്തുന്നുണ്ട്. സമീപത്തു കൂടെ കടന്നു പോകുന്നവര്‍ പോലും വന്ന് തൊട്ടു നോക്കുകുയും ശരീരത്തില്‍ പിടിക്കുകയും ചെയ്തുതു. ചിലര്‍ ലൈംഗിക ബന്ധത്തിന് നേരിട്ട് ക്ഷണക്കുക പോലും ചെയ്തത് തന്നെ ഞെട്ടിപ്പിച്ചിച്ചെന്നും അവര്‍ പറയുന്നു.
തന്റെ വ്യക്തി വിവരങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ അധികൃതര്‍ അപരിചിതര്‍ക്ക് കൈമാറി. ജീവനക്കാരും തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ഹോട്ടല്‍ മുറിയിലെ എസിയും വൈഫൈ കണക്ഷനും പുറത്തു നിന്ന് ഓഫ് ചെയ്ത ശേഷം ഇതു ശരിയാക്കാനാണെന്നു പറഞ്ഞ് മുറിയിലേക്ക് പലതവണ ജീവനക്കാര്‍ കടക്കാന്‍ ശ്രമിച്ചു. മുറിയിലെ ഫോണില്‍ വിളിച്ച് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. എന്നാല്‍ മുറി തുറന്നു നല്‍കാത്തതു കൊണ്ട് അപകടമൊന്നും സംഭവിച്ചില്ലെന്നും അവര്‍ പറയുന്നു. മുറിയിലെ ഫോണിലേക്ക് വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ ശബ്ദം കേള്‍പ്പിക്കുകയും ചെയ്തുവെന്നും ഇവര്‍ ആരോപിക്കുന്നു.
ഇന്ത്യയിലെ ടൂറിസം പ്രമോഷന്റെ ഭാഗമായി ചില കമ്പനികള്‍ക്കു വേണ്ടി വ്‌ളോഗ് തയാറാക്കാന്‍ ബോയ് ഫ്രണ്ടുമായി എത്തിയതായിരുന്നു ജോര്‍ഡന്‍ ടെയ്‌ലര്‍. എന്നാല്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകുന്നതിനു ഏതാനും ദിവസങ്ങള്‍ മുമ്പ് തന്നെ ബോയ്ഫ്രണ്ട് തിരിച്ചു പോയിരുന്നു. പിന്നീട് ഹോട്ടലില്‍ താന്‍ ഒറ്റയ്ക്കാണെന്നറിഞ്ഞതോടെ ജീവനക്കാരുടെ പെരുമാറ്റം പാടെ മാറിയെന്ന് ടെയ്‌ലര്‍ പറയുന്നു. ഇവര്‍ തന്നെ പിന്തുടര്‍ന്നെന്നും ഒരാള്‍ തന്നെ പിന്നാലെ മുകള്‍ നില വരെ എത്തിയെന്നും ടെയ്‌ലര്‍ പറഞ്ഞു. മുറിയുടെ വാതില്‍ക്കലെത്തി തുറക്കാന്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. രണ്ടു ദിവസം ഇതു തുടര്‍ന്നു. വാതിനിന്റെ വിടവിലൂടെ പുറത്തു നില്‍ക്കുന്നയാളുടെ നിഴല്‍ കാണാമായിരുന്നെന്നും ടെയ്‌ലര്‍ പറയുന്നു. ഇതിന്റെ തെളിവായി മുറിക്കകത്തു നിന്നുള്ള വിഡിയോ ദൃശ്യങ്ങളും വ്‌ളോഗില്‍ ടെയ്‌ലര്‍ ചേര്‍ത്തിട്ടുണ്ട്. ടെയ്‌ലറുടെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണിത്.