മുംബൈ- പ്രധാനമന്ത്രി വിദ്യാഭ്യാസമില്ലാത്ത നിരക്ഷരനാണെന്ന മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതം പറയുന്ന ഹ്രസ്വസിനിമ മഹാരാഷ്ട്രയിലെ സ്‌കൂളുകളിൽ പ്രദർശിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിക്കുന്നതിനിടെയാണ് സഞ്ജയ് നിരുപം മോഡിക്കെതിരെ പരാമർശം നടത്തിയത്. സ്‌കൂളുകളിൽ മോഡിയെ പറ്റിയുള്ള സിനിമ നിർബന്ധപൂർവ്വം പ്രദർശിപ്പിക്കുന്നത് തെറ്റാണെന്നും കുട്ടികളെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തണമെന്നും പറഞ്ഞ നിരുപം, പ്രധാനമമന്ത്രിയെ പോലെ വിദ്യാഭ്യാസമില്ലാത്തതും നിരക്ഷരനുമായ ഒരാളിൽനിന്ന് വിദ്യാർഥികൾക്ക് എന്താണ് പഠിക്കാനുള്ളതെന്നും ചോദിച്ചിരുന്നു. രാജ്യത്തെ ജനങ്ങൾക്കോ വിദ്യാർഥികൾക്കോ പ്രധാനമന്ത്രിക്ക് എത്ര ബിരുദമുണ്ടെന്ന് പോലും അറിയില്ലെന്നും നിരുപം പരിഹസിച്ചിരുന്നു. താനുപയോഗിച്ച വാക്കുകളിൽ തെറ്റായത് ഒന്നുമില്ലെന്നും പിൻവലിക്കില്ലെന്നും നിരുപം ആവർത്തിക്കുകയും ചെയ്തു.
സഞ്ജയ് നിരുപമിനെതിരെ കടുത്ത പരാമർശമാണ് ബി.ജെ.പി പിന്നീട് നടത്തിയത്. ഭ്രാന്തന്റെ ജൽപനം എന്നായിരുന്നു ബി.ജെ.പി മഹാരാഷ്ട്ര വക്താവ് എൻ.സി ഷൈനയുടെ പ്രതികരണം. രാജ്യത്തെ 125 കോടി ജനങ്ങൾ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയാണ് മോഡി എന്ന കാര്യം നിരുപം മറന്നുപോയിട്ടുണ്ടാകുമെന്നും അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനം ഇതിന് മറുപടി നൽകുമെന്നും ഷൈന പറഞ്ഞു.
മോഡിയെ പറ്റിയുള്ള സിനിമ അടുത്തയാഴ്ച്ച സ്‌കൂളുകളിൽ പ്രദർശിപ്പിക്കാനാണ് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയത്. ഛലോ ജീതാ ഹേ എന്ന സിനിമ വിദ്യാർഥികളിൽ പ്രചോദനം നിറക്കുമെന്നാണ് സർക്കാറിന്റെ വാദം. ഇതിനെതിരെ പ്രതിപക്ഷമായ എൻ.സി.പിയും കോൺഗ്രസും രംഗത്തെത്തുകയും ചെയ്തു.