ന്യുദല്‍ഹി- ഇന്ത്യ വിടുന്നതിനു മുമ്പായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നെന്ന മദ്യവ്യവസായി വിജയ് മല്യയുടെ പുതിയ വെളിപ്പെടുത്തല്‍ പുതിയ രാഷട്രീയ കോളിളക്കത്തിനിടയാക്കി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പ വെട്ടിച്ചാണ് മല്യ രാജ്യം വിട്ടത്. ഗുരുതരമായ ആരോപണമാണ് മല്യ ഉന്നയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിടണം. മന്ത്രി പദം രാജിവച്ച് അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മല്യയെ രാജ്യം വിടാന്‍ അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുകയാണ്.
മല്യയെ ഇന്ത്യയ്ക്കു കൈമാറുന്നതു സംബന്ധിച്ച് ലണ്ടനിലെ കോടതിയില്‍ കഴിഞ്ഞ ദിവസം വാദം കേള്‍ക്കലിലെത്തിയ മല്യ മാധ്യമങ്ങളോട് താന്‍ ഇന്ത്യ വിടുന്നതിനു മുമ്പ് ധനമന്ത്രിയെ കണ്ടിരുന്നു എന്ന് വെളിപ്പെടുത്തിയത്. ഏറെ വൈകും മുമ്പ് തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന വാദവുമായി മല്യം രംഗത്തെത്തുകയും ചെയ്തു.
'ജനീവയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഞാന്‍ ഇന്ത്യ വിട്ടത്. ഇതിനു തൊട്ടു മുമ്പ് ധനമന്ത്രിയെ കണ്ടു. ബാങ്ക് വായ്പകള്‍ തീര്‍പ്പാക്കാനുള്ള എന്റെ പദ്ധതി അദ്ദേഹവുമായി സംസാരിച്ചു. ഇതാണു സത്യം,' ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്കു പുറത്ത് മല്യ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞു. താന്‍ ലണ്ടനിലേക്കാണ് പോകുന്നതെന്ന് മന്ത്രിയോട് പറഞ്ഞിരുന്നെന്നും മല്യ പറഞ്ഞിരുന്നു. എന്നാല്‍ മല്യയുടെ ഈ പ്രസ്താവന വസ്തുതാപരമായി തെറ്റാണെന്നാണ് മന്ത്രി അരുണ്‍ ജെയ്റ്റിലുടെ പ്രതികരണം. ഇതു സ്ത്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ഇടനാഴിയില്‍ വച്ച് കണ്ടുമുട്ടിയതാണെന്നും രാജ്യസഭാംഗമെന്ന സവിശേഷാധികാരം മല്യ ദുരുപയോഗം ചെയ്യുകയായിരുന്നെന്നും ജെയ്റ്റ്‌ലി വിശദീകരിച്ചു.