റിയാദ് - പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന് നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങൾ ദേശീയ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സാമ്പത്തിക, ആസൂത്രണ മന്ത്രാലയം വിശദമായ പഠനം നടത്തണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു.
പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് അനുയോജ്യമായ ശുപാർശകൾ മന്ത്രാലയം സമർപ്പിക്കണമെന്നും നിർദേശമുണ്ട്. സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൻ മേൽ നടന്ന ചർച്ചയിൽ കൗൺസിൽ അംഗങ്ങൾ ഉയർത്തിയ അഭിപ്രായ, നിർദേശങ്ങളിൽ കൗൺസിലിലെ സാമ്പത്തിക, ഊർജ കമ്മിറ്റി പ്രകടിപ്പിച്ച നിലപാടുകൾ വിലയിരുത്തിയ ശേഷമാണ് സാമ്പത്തിക പരിഷ്‌കരണങ്ങൾ ദേശീയ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സാമ്പത്തിക, ആസൂത്രണ മന്ത്രാലയം വിശദമായ പഠനം നടത്തണമെന്ന് ആവശ്യപ്പെടുന്ന സുപ്രധാന തീരുമാനം ശൂറാ കൗൺസിൽ അംഗീകരിച്ചത്.
ആഗോള, പ്രാദേശിക തലങ്ങളിൽ പുതിയ സാമ്പത്തിക, ധന സംഭവവികാസങ്ങളുടെ നിഷേധാത്മക, ക്രിയാത്മക പ്രവണതകളെ കുറിച്ചും രാജ്യം അംഗീകരിച്ച് നടപ്പാക്കുന്ന വ്യത്യസ്ത നയങ്ങളെയും ലക്ഷ്യങ്ങളെയും അവ എത്രമാത്രം ബാധിക്കുമെന്നതിനെ കുറിച്ചും സാമ്പത്തിക, ആസൂത്രണ മന്ത്രാലയം പഠനം നടത്തണം. ഈ പ്രവണതകളുമായി സമരസപ്പെട്ടുപോകുന്ന നിലക്ക് അനുയോജ്യമായ ആസൂത്രണങ്ങൾ മന്ത്രാലയം നിർദേശിക്കണമെന്നും ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു.