Sorry, you need to enable JavaScript to visit this website.

സൗദിവത്കരണം: കടകളുടെ ലൈസൻസ് ഏത് വിഭാഗത്തിലാണെന്ന് ഉറപ്പാക്കുക, ഇല്ലെങ്കിൽ പിടിവീഴും

റിയാദ് - പന്ത്രണ്ട് മേഖലകളിലേക്ക് കൂടി വ്യാപിച്ച സൗദിവത്കരണത്തിന്റെ ആദ്യഘട്ടത്തിന് ഇന്നലെ തുടക്കമായതോടെ ഇന്ന് മുതൽ പരിശോധന വീണ്ടും കർശനമാകും. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ ഏത് വിഭാഗത്തിലാണെന്ന് കടകളുടെ ഉടമകൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ അനുസരിച്ചുള്ള കച്ചവടം മാത്രമേ ഈ സ്ഥാപനങ്ങളിൽ അനുവദിക്കൂ. റെഡിമെയ്ഡ് കടകളുടെ ലൈസൻസിൽ മറ്റു കച്ചവടമാണ് നടക്കുന്നതെങ്കിലും റെഡിമെയ്ഡ് കടകൾക്ക് ബാധകമായ സൗദിവത്കരണം ഈ കടകൾക്ക് ബാധകമാകുമെന്ന് ചുരുക്കം. അതിനാൽ, രജിസ്‌ട്രേഷനിൽ പറയാത്ത കച്ചവടം നടത്തിയാൽ വൻ പിഴ നൽകേണ്ടി വരുമെന്ന് ബന്ധപ്പെട്ടവർ ഇന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 12 മേഖലകളിലെ സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടം ഇന്നലെ മുതലാണ് നടപ്പായത്.  വസ്ത്രങ്ങൾ, വാഹന ഷോറൂമുകൾ, ഫർണീച്ചറുകൾ, പാത്രങ്ങൾ എന്നിങ്ങനെ നാലു മേഖലകളിലായി ഇരുപതോളം ഇനങ്ങളാണ് സെപ്തംബർ 11 (മുഹറം ഒന്ന്) മുതൽ ആരംഭിച്ച ആദ്യഘട്ട സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരുന്നത്. 


സൗദിവൽക്കരണം നിർബന്ധമാക്കിയ മേഖലകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ബന്ധപ്പെട്ട വകുപ്പുകളും ശക്തമായ പരിശോധനകൾ ആരംഭിച്ചു. വിവിധ പ്രവിശ്യകളിൽ ഇന്നലെ നടത്തിയ റെയ്ഡുകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. റെയ്ഡ് ഇന്നും തുടരും. നിയമ ലംഘകർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു. സൗദിവൽക്കരണ തീരുമാനം ലംഘിച്ച് വിദേശികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശികളിൽ ഒരാൾക്ക് ഇരുപതിനായിരം റിയാൽ തോതിലാണ് പിഴ ചുമത്തുന്നത്. ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് ഏതാനും സ്ഥാപനങ്ങളും അധികൃതർ ഇന്നലെ അടപ്പിച്ചു. 
കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിലാണ് ഇന്നലെ മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയത്. മൂന്നു ഘട്ടങ്ങളിലായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പുതിയ സൗദിവൽക്കരണ തീരുമാനം ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിൽ വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും സൗദിവൽക്കരണം നിർബന്ധമാക്കും. ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്കെല്ലാം പുതിയ തീരുമാനം ഒരുപോലെ ബാധകമായിരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 


പന്ത്രണ്ടു മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നതിലൂടെ അഞ്ചു ലക്ഷത്തോളം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് സാധിക്കുമെന്നാണ് ബന്ധപ്പെട്ടവർ കണക്കാക്കുന്നത്. 4,90,000 ലേറെ തൊഴിലവസരങ്ങൾ സൗദിവൽക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയിലെ ചില്ലറ വ്യാപാര മേഖലാ വികസന വിഭാഗം മേധാവി മഹ്മൂദ് മാസി പറഞ്ഞു. നിലവിൽ ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽക്കരണം 24 ശതമാനമാണ്. ബഖാലകൾ പോലുള്ള ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ സൗദിവൽക്കരണം പത്തു ശതമാനമാണ്. 2020 ഓടെ ചെറുകിട മേഖലയിൽ സൗദിവൽക്കരണം 24 മുതൽ 50 ശതമാനം വരെയായി ഉയർത്തുന്നതിനാണ് ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കുന്നത്. ചില്ലറ വ്യാപാര മേഖലയിൽ 70 ശതമാനം സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ മേഖലകളിലേക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സൗദിവൽക്കരണം വ്യാപിപ്പിക്കുന്നത്. 

Latest News