Sorry, you need to enable JavaScript to visit this website.

ലേഡീസ് ഷോപ്പുകളിൽ തൊഴിൽ പരിശോധന

റിയാദ് - എട്ടു മാസത്തിനിടെ രാജ്യമെങ്ങും ലേഡീസ് ഷോപ്പുകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ജനുവരി ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ ലേഡീസ് ഷോപ്പുകളിൽ 1,13,798 ഫീൽഡ് പരിശോധനകളാണ് ബന്ധപ്പെട്ട വകുപ്പുകൾ സഹകരിച്ച് നടത്തിയത്. ഇതിൽ 1,03,062 സ്ഥാപനങ്ങൾ സൗദിവൽക്കരണവും വനിതാവൽക്കരണവും മറ്റു നിയമങ്ങളും പൂർണമായും പാലിച്ചതായി ബോധ്യപ്പെട്ടു. 10,736 സ്ഥാപനങ്ങൾ നിയമങ്ങൾ പാലിച്ചില്ല. പരിശോധനകൾ നടത്തിയതിൽ 87 ശതമാനം സ്ഥാപനങ്ങൾ നിയമങ്ങൾ പൂർണമായി പാലിച്ചു. പതിമൂന്നു ശതമാനം സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. 
ഫീൽഡ് പരിശോധനകളിൽ 10,294 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 5,424 എണ്ണം സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും 3,546 എണ്ണം വനിതാവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും അവശേഷിക്കുന്നവ മറ്റു നിയമലംഘനങ്ങളുമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
 2017 ഒക്‌ടോബർ 21 ന് ആണ് മൂന്നാം ഘട്ട വനിതാവൽക്കരണം നിലവിൽവന്നത്. ലേഡീസ് റെഡിമെയ്ഡ് വസ്ത്രങ്ങൾ, അത്തറുകൾ, പാദരക്ഷകൾ, വാനിറ്റി ബാഗുകൾ, ലേഡീസ് സോക്‌സുകൾ, ലേഡീസ് തുണിത്തരങ്ങൾ എന്നിവ വിൽക്കുന്ന കടകളാണ് മൂന്നാം ഘട്ട വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്നത്. ലേഡീസ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകളിലും ഈ ഘട്ടത്തിൽ വനിതാവൽക്കരണം നിർബന്ധമാക്കി. നിശാവസ്ത്രങ്ങൾ, വിവാഹ വസ്ത്രങ്ങൾ, പർദകൾ, ലേഡീസ് ആക്‌സസറീസ്, മാക്‌സികൾ എന്നിവ വിൽക്കുന്ന, ഒറ്റപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും മൂന്നാം ഘട്ട വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്നിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ സൗദി വനിതകളല്ലാത്തവരെ ജോലിക്കു വെക്കുന്നതിന് വിലക്കുണ്ട്. നിർബന്ധിത വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്ന സ്ഥാപനങ്ങളിൽ വിദേശ വനിതകളെയും പുരുഷന്മാരെയും ജോലിക്കു വെക്കുന്നത് നിയമ ലംഘനമാണ്. 
നിയമം ലംഘിച്ച് വിദേശികളെ ജോലിക്കു വെക്കുന്ന ലേഡീസ് ഷോപ്പുകൾക്ക് വിദേശികളിൽ ഒരാൾക്ക് ഇരുപതിനായിരം റിയാൽ വീതം പിഴ ചുമത്തും. പ്രാദേശിക തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം ഉയർത്തുന്നതിനും സ്വകാര്യ മേഖലയിലെ തൊഴിലുകൾ സ്വീകരിക്കുന്നതിന് സൗദി വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വനിതാ ജീവനക്കാർക്ക് ഗതാഗത സഹായവും കുട്ടികളെ ശിശുപരിചരണ കേന്ദ്രങ്ങളിൽ ചേർക്കുന്നതിനുള്ള ധനസഹായവും നൽകുന്ന പദ്ധതികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി നടപ്പാക്കുന്നുണ്ട്. വനിതാവൽക്കരണം നടപ്പാക്കാത്ത ലേഡീസ് ഷോപ്പുകളെ കുറിച്ചും മറ്റു തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ചും 19911 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ ആവശ്യപ്പെട്ടു.

Latest News